ചാരിറ്റി തട്ടിപ്പിന് കൂച്ചുവിലങ്ങ്; ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി


കൊച്ചി/ ചികിത്സക്കെന്ന പേരിലുള്ള പണപ്പിവിന് നിയന്ത്രണം വരുന്നു. ചാരിറ്റി യൂട്യൂബര്‍മാര്‍ നടത്തുന്ന ക്രൗണ്ട് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. മിക്ക ചാരിറ്റി യൂട്യൂബര്‍മാരും ക്രൗഡ് ഫണ്ടിംഗിനായി പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പറാണ് നല്‍കുന്നത്. ഇത് എന്തിനാണെന്ന് കോടതി ചോദിച്ചു. രോഗികള്‍ക്കെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രൗണ്ട് ഫണ്ടിംഗില്‍ പണം എവിടെ നിന്നാണ് വരുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിക്കണം. പല കേസുകളിലും കൂടുതല്‍ പണം എത്തുകയും ഇതിന്റെ പേരില്‍ പിന്നീട് തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളി ലെല്ലാം സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ചാരിറ്റിയുടെ പേരില്‍ ക്രൗണ്ട് ഫണ്ടിംഗ് നടത്തി പണം തട്ടുക ഇനി എളുപ്പമായിരിക്കില്ലെന്ന് വ്യക്തമാണ്.
മലപ്പുറത്ത് അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിംഗിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ട് സര്‍ക്കാറിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം. കോടതി നിര്‍ദേശിക്കുന്നു. എന്നാല്‍ സത്യസന്ധമായ സോഴ്‌സില്‍ നിന്ന് അര്‍ഹരായ രോഗികള്‍ക്ക് പണം വരുന്നത് തടയാൻ പാടില്ലെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയം വേണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കുന്നതോടെ യൂട്യൂബര്‍മാരുടെ ക്രൗണ്ട് ഫണ്ടിംഗ് തട്ടിപ്പിന് തടയിടാന്‍ കഴിയും. എസ് എം എ രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സക്കായി ദിവസങ്ങള്‍ കൊണ്ട് 18 കോടിരൂപ സുമനസ്സുകള്‍ നല്‍കിയ വാര്‍ത്ത ആരും മറന്നിട്ടുണ്ടാകില്ല. ഇതിന്റെ ചുവടു പിടിച്ച് ഇപ്പോള്‍ തട്ടിപ്പുകാരും സജീവമായി രംഗത്തുണ്ട്. രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുക്കുന്നത്. നിരവധി പരാതികളാണ് ഇതിന്റെ പേരില്‍ ഉയരുന്നത്.
രോഗബാധിതയായ മൂന്നര വയസുകാരിയുടെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശരണരെ സഹായിക്കാനുള്ള മലയാളിയുടെ മനസ്സ് ചൂഷണം ചെയ്യാന്‍ നിരവധി പേരാണ് യൂട്യൂബുമായി ഇറങ്ങിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകാരെ തടയുന്നതിന് കോടതിയുടെ നിര്‍ദേശം വഴിവെക്കുമെന്നുറപ്പാണ്.


Previous Post Next Post