തളർവാതരോഗിയായ മധ്യവയസ്കന്‍റെ കൊലപാതകം; ഭാര്യയടക്കം മൂന്നുപേർ അറസ്റ്റില്‍


കാസര്‍കോട്:പിലിക്കോട് മടിവയലിലെ തളർവാതരോഗിയായ മധ്യവയസ്കന്‍റെ കൊലപാതകത്തിൽ ഭാര്യയടക്കം മൂന്നുപേരെ പൊലീസ്അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്നുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. ശ്വാസംമുട്ടിയാണ് കുഞ്ഞമ്പു മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് .

കുഞ്ഞമ്പുവിന്‍റെ ഭാര്യ ജാനകി, ജാനകിയുടെ സഹോദരന്‍റെ മകൻ രാജേഷ്, മറ്റൊരു ബന്ധു അനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളര്‍വാത രോഗിയായിരുന്ന കുഞ്ഞമ്പു സ്ഥിരമായി വീട്ടുകാരുമായി വഴക്കിടുമായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഭർത്താവ് സ്ഥിരമായി തന്നെ കുറ്റം പറഞ്ഞിരുന്നതായി ഭാര്യ ജാനകി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തന്നെ സംശയമുണ്ടെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ കൊല്ലാൻ സഹോദരിയുടെ മകൻ്റെയും മറ്റൊരു ബന്ധുവിൻ്റെയും സഹായം തേടുകയായിരുന്നു. ജാനകിയുടെ മൂത്ത സഹോദരിയുടെ മകൻ രാജേഷാണ് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് മറ്റൊരു ബന്ധുവായ അനിൽ സഹായിച്ചു. കൊലയ്ക്ക് ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന കുഞ്ഞമ്പുവിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞ് പ്രതികളിലൊരാൾ ആംബുലൻസ് ഡ്രൈവറെ വിളിച്ചു.
വീട്ടിലെത്തിയ ആംബുലൻസ് ഡ്രൈവർ കണ്ടത് മൂക്കിലൂടെയും വായിലൂടെയും രക്തമൊഴുകുന്ന കുഞ്ഞമ്പുവിനെയാണ്. ഇതിൽ സംശയം തോന്നിയതിനാൽ ആംബുലൻസ് ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകള്‍ കണ്ടെത്തി. വീടിന്‍റെ ചില ഭാഗങ്ങളില്‍ രക്തക്കറ മായ്ച്ചുകളയാന്‍ ശ്രമിച്ചതായും കണ്ടു. രാജേഷ് കഴുത്തുഞെരിച്ചു കുഞ്ഞമ്പുവിനെ കൊലപ്പെടുത്തുകയും അനിൽ സഹായിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് സാക്ഷിയായി ജാനകിയും അടുത്തുതന്നെ ഉണ്ടായിരുന്നു. ആംബുലൻസ് ഡ്രൈവർ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ എത്തിയതെങ്കിലും ഇന്നലെ രാത്രി പത്തരയ്ക്ക് കൃത്യം നടന്നതായാണ് സൂചന. രാജേഷിന്റെ കയ്യിലുള്ള സ്റ്റീൽ വളകൊണ്ട് കുഞ്ഞമ്പുവിന്‍റെ തടിയിലും കഴുത്തിലും മുറിവുകളുണ്ടായിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയിരുന്ന കുഞ്ഞമ്പുവിന്റേത് കോവിഡ് മരണമെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതോടെ ഇത് പാളി. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Previous Post Next Post