ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം






ന്യൂഡല്‍ഹി: എല്ലാ തരത്തിലുള്ള ബാങ്ക് നിക്ഷേപങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി ബില്‍ 2021നാണ് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. 

അടുത്തകാലത്തായി നിരവധി ബാങ്കുകള്‍ പൊളിയുന്ന സ്ഥിതിയുണ്ടായി. ഇതോടെ നിക്ഷേപങ്ങളുടെ പരിരക്ഷ ഉറപ്പാക്കാന്‍ പരിധി ഉയര്‍ത്തണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബില്ലിന് രൂപം നല്‍കിയത്. എല്ലാ തരത്തിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കും അഞ്ചുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പുതിയ ബില്‍. ഇതിലൂടെ 98.3 ശതമാനം നിക്ഷേപങ്ങളും സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. 

ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച വേളയില്‍ പോലും 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും ഉപഭോക്താവിന് ബില്ല് സംരക്ഷണം ഉറപ്പാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Previous Post Next Post