പ്രവാസികളുടെ പ്രവേശനം: അംഗീകൃത വാക്സീൻ നിർബന്ധമാക്കി കുവൈത്ത്



റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ്
കുവൈത്ത് സിറ്റി ∙വിദേശികളുടെ പ്രവേശനത്തിനു രാജ്യത്ത് അംഗീകാരമുള്ള വാക്സീൻ തന്നെ സ്വീകരിക്കണമെന്ന വ്യവസ്ഥയുമായി കുവൈത്ത്. വാക്സീന്റെ രണ്ടു ഡോസുകളും കുവൈത്തിൽ അംഗീകാരമുള്ളതാവണമെന്നാണു നിബന്ധന. ഈയിടെ നടന്ന മന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിലാകും.ഫൈസർ, ഓക്സ്ഫഡ്- ആസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണു കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സീനുകൾ. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സീനാണ്. അതേസമയം രാജ്യത്ത് വാക്സിനേഷനിൽ ചില രാജ്യക്കാർക്കു മുൻ‌ഗണന ലഭിക്കുന്നുവെന്ന പ്രചാരണം ആരോഗ്യമന്ത്രാലയം നിഷേധിച്ചു.

 അനുവദിക്കപ്പെട്ട പ്രായപരിധിയിലുള്ള എല്ലാവർക്കും തന്നെ വാക്സീൻ ലഭ്യമാകുന്നതിനുള്ള സംവിധാനമാണു നിലവിലുള്ളത്.
രോഗസാധ്യത കൂടുതലുള്ളവർക്കു മാത്രമാണു മുൻ‌ഗണനയെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ രണ്ട് ആഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ലൈസൻസിങ് വിഭാഗം ഡയറക്ടർ ഡോ.സു‌ആർ ആബിൽ സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി.
Previous Post Next Post