രോഗിയായ കുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റില്‍



കോട്ടയം:  സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവില്‍ ചികിത്സ സഹായത്തിനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റില്‍. പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍ (59), മകള്‍ അനിത (29) എന്നിവരാണ് അറസ്റ്റിലായത്. ഗുരുതര രോഗം ബാധിച്ച്‌ ഇടപ്പളളി അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത്. കുട്ടികള്‍ക്കുളള ചികിത്സാ സഹായം ആവശ്യപ്പെട്ട് സമൂഹമാധ്യമത്തില്‍ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്ക് ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേര്‍ത്താണ് സഹായം ആവശ്യപ്പെട്ടത്.

എന്നാല്‍ വ്യാജ സന്ദേശം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്.

തുടര്‍ന്നു പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

എയിംസില്‍ ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച്‌ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട പിതാവാണ് പരാതി നല്‍കിയത്.

പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ 3 വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ്. പല തവണയായി 50 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അതേസമയം, പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകന്‍ അരുണ്‍ പിടിയിലായിരുന്നു. മകനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചതോടെ മറിയാമ്മ ബാങ്കില്‍ എത്തിയില്ല. ഇതേത്തടുര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം കുറവുള്ളതായി കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ ചികിത്സയുടെ പേരില്‍ പണം തട്ടിയ കേസില്‍ അരുണിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം.

ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥപാടില്ല. പണപ്പിരവില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം. പണം നല്‍കുന്നവര്‍ പറ്റിക്കപ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ചികിത്സയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അമ്മയും മകളും അറസ്റ്റിലായ വാര്‍ത്ത വരുന്നത്. 


Previous Post Next Post