'ഞങ്ങള്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും പോലെ'; ഇന്ത്യയും പാകിസ്ഥാനുമല്ല: ബിജെപി ശത്രുവല്ലെന്ന് ശിവസേന

 
 

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റൗത്ത്.

 ശിവസേനയ്ക്ക് ബിജെപിയുമായുള്ളത് ഈയിടയ്ക്ക് വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ളതു പോലുള്ള സൗഹൃദമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല. കിരണ്‍ റാവുവിനെയും ആമിര്‍ ഖാനെയും നോക്കു, ഞങ്ങള്‍ അതുപോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും'- അദ്ദേഹം പറഞ്ഞു. 

ശിവസേനയുമായി സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഞായറാഴ്ച ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. 
വീണ്ടും ഒരുമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം.

Previous Post Next Post