2000രൂപ പിഴയീടാക്കി അമ്മയ്ക്കും മകനും 500ന്റെ രസീത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍, സിഐയ്ക്ക് എതിരെ അന്വേഷണം






തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴ ചുമത്തി 500രൂപയുടെ രസീത് കൊടുത്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. സിഐയ്ക്ക് എതിരെ അന്വേഷണം നടത്തും. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ ശ്രീകാര്യം വെഞ്ചാവോട് സ്വദേശി നവീനിനും അമ്മയ്ക്കും പോലീസ് 2000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ 500രൂപയുടെ രസീതാണ് നല്‍കിയത്. 

എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

19കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്ന് നവീന്‍ പ്രതികരിച്ചു.
Previous Post Next Post