നിരത്തിലെ ബൈക്ക് റേസിങ്: പരിശോധന ശക്തമാക്കി; 3 പേർ പിടിയിൽ





ബൈക്ക് റേസിങ് നടത്തുന്നവരെ കണ്ടെത്താന്‍ കൊല്ലത്തും പരിശോധന ശക്തമാക്കി. നിരത്തുകളിലെ അഭ്യാസപ്രകടനം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത മൂന്നു പേരെ പിടികൂടിയതായി ആര്‍ടിഒ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ ജില്ലയില്‍ വിവിധ നിയമലംഘനത്തിന് ആയിരത്തി എണ്ണൂറിലധികം കേസാണ് റജിസ്റ്റര്‍ ചെയ്തത്. 
ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച റേസിങ് വിഡിയോകള്‍ മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തുടങ്ങി. വാഹനഉടമസ്ഥരുടെ വീടുകളിലേക്ക് നേരിട്ടെത്തിയാണ് അന്വേഷണം. കൊല്ലത്ത് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. രൂപമാറ്റം വരുത്തിയ വാഹനങ്ങളും പരിശോധിക്കുന്നു. കൊല്ലം ബൈപ്പാസും പരവൂര്‍ മേഖലയിലെ തീരപ്രദേശ റോഡുമാണ് ബൈക്ക് റേസിങിന്റെ സ്ഥിരം പാതകളെന്ന് കണ്ടെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിച്ച് നിയമലംഘകരെ കണ്ടെത്താനാണ് ശ്രമം. 
കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ വിവിധങ്ങളായ ഗതാഗതനിയമങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 1800 ലധികം വാഹനഉടമസ്ഥരെയാണ് പിടികൂടിയത്. അമിതവേഗത്തിന് പിടികൂടിയത് എട്ടുപേരെ. പതിമൂന്നു പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. 


Previous Post Next Post