പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്‌ 3 നിബന്ധനകള്‍; അല്ലാത്തവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം

 



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് മാര്‍ഗരേഖയനുസരിച്ച് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുള്ളത് മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രം. ഈ മൂന്നിലും പെടാത്തവര്‍ക്ക് എന്തിനെല്ലാം പുറത്തിറങ്ങാമെന്നതിലും പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

വാക്‌സിന്‍ ഒരു ഡോസ് എങ്കിലും സ്വീകരിച്ച് രണ്ടാഴ്ച പൂര്‍ത്തിയായവര്‍, 72 ണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്ന് മാറിയവര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കാണ് പുറത്തിറങ്ങാന്‍ അനുമതി.

ഇതില്‍പ്പെടാത്തവര്‍ക്ക് താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുമതിയുള്ളുവെന്ന് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. വാക്‌സിനേഷന്‍, കോവിഡ് ടെസ്റ്റ്, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍, അടുത്ത ബന്ധുക്കളുടെ കല്യാണം, ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനയാത്രകള്‍ക്കായി ഹൃസ്വദൂരയാത്രകള്‍ക്കാണ് അനുമതിയുള്ളു.

സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാനാണ് അനുമതി.വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ ശിനയാഴ്ച വരെ തുറക്കും. ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും രാത്രി ഒന്‍പതര വരെ ഡെലിവറി നടത്താം. മാളുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്താനും അനുമതിയുണ്ട്. 

കടകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാങ്കുളകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കും. വരുന്ന ഞായറാഴ്ച സമ്പൂര്‍ണലോക്ക് ഡൗണാണ്. എന്നാല്‍ പതിനഞ്ചാം തിയ്യതി ലോക്കഡൗണ്‍ ഇല്ല. 

മത്സരപരീക്ഷകള്‍, റിക്രൂട്ട്‌മെന്റ്, സ്‌പോര്‍ട്‌സ് ട്രയലുകള്‍ എന്നിവ നടത്താം.സര്‍വകലാശാല പരീക്ഷകള്‍ക്കും അനുമതിയുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തീയേറ്ററുകള്‍ എന്നിവ തുറക്കില്ല. റസ്റ്റോറന്റുകളില്‍ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ- ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. വിവാഹങ്ങള്‍ക്കും മരണാനന്തചടങ്ങിനും 20 പേര്‍ക്ക് മാത്രമാണ് അനുമതി.


Previous Post Next Post