കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സംഘം പോലീസ് പിടിയിൽ.




കൊച്ചി: കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സംഘം പോലീസ് പിടിയിൽ. സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. 

കരിത്തല കോളനി ഹൗസ് നമ്പർ 11ല്‍ റിതുല്‍ (24), സഹോദരന്‍ മിതുല്‍ (21), ഉദയാകോളനി ഹൗസ് നമ്പർ 24ല്‍ ഷഫീഖ് (23), കടവന്ത്ര ജി.സി.ഡി.എ ഹൗസ് നമ്പർ 8ല്‍ അഖില്‍ (24), ചിലവന്നൂര്‍ റോഡ് കോര്‍പ്പറേഷന്‍ കോളനിയിലെ സുജീഷ് (23) എന്നിവരാണ് പോലീസ് പിടിയിലായത്.

കമ്മട്ടിപ്പാടം മുണ്ടംപിള്ളി സനല്‍ സ്റ്റാന്‍ലിയുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു പ്രതികൾ അതിക്രമം കാട്ടിയത്. ഉദയാ കോളനിക്ക് സമീപം നിർത്തിയിട്ടിരുന്ന സനലിന്റെ ഓട്ടോയില്‍ ഇരുന്ന് പ്രതികള്‍ സ്ഥിരമായി മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. സനൽ ഇത് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍.

കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എം.അന്‍വറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികുടിയത്. ഇവര്‍ നേരത്തേയും അടിപിടി കേസുകളിലും ലഹരി മരുന്നു കേസുകളിലും പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. 

Previous Post Next Post