ലോട്ടറിയടിച്ച ഒരുകോടി രൂപ ഇതുവരെ കിട്ടിയില്ല : ജീവിതം വഴിമുട്ടി കോടിപതി






പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്‍റെ ജനുവരിയില്‍ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടിരൂപയാണ് അയിലൂര്‍ പട്ടുകാട് സ്വദേശി മണി എടുത്ത ടിക്കറ്റിന് ലഭിച്ചത്. എന്നാല്‍ സമ്മാനത്തുക ഇതുവരെ ലഭിക്കാഞ്ഞതിനാല്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ് മണി.

സ്വന്തമായൊരു വീട്, മകളുടെ വിവാഹം അങ്ങനെ പലതും സ്വപ്‌നം കണ്ടു. സമ്മാനത്തുകയുടെ ബലത്തില്‍ പ്രാഥമിക സഹകരണ സംഘത്തില്‍ നിന്നും 50,000 രൂപ വായ്പയും കിട്ടി. പക്ഷേ, അനുവദിച്ചുകിട്ടിയ വായ്പ തിരിച്ചടവിന് നോട്ടീസ് കിട്ടിയിട്ടും ലോട്ടറി സമ്മാനത്തുക വന്നില്ല. ലോട്ടറി അടിച്ചതിനുശേഷമാണ് മകളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹതീയതി അടുക്കാറായിട്ടും സമ്മാനത്തുക ലഭിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ വിവാഹം നടത്തുമെന്ന ആശങ്കയിലാണ് മണി.

ടിക്കറ്റും അനുബന്ധ രേഖകളും വീടിനടുത്തുള്ള സഹകരണ ബാങ്കില്‍ അപ്പോള്‍ തന്നെ സമര്‍പ്പിച്ചതാണ്. പക്ഷേ, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സമ്മാനത്തുക കൈപ്പറ്റാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ ടിക്കറ്റ് തിരികെ നല്‍കി. തുടര്‍ന്ന് കേരള ബാങ്ക് നെന്മാറ ശാഖയില്‍ ടിക്കറ്റ് സമര്‍പ്പിച്ചു.

കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ഭാഗ്യക്കുറിവില്പന തടസ്സപ്പെട്ടതുമൂലമാണ് സമ്മാനത്തുക നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്നാണ് ലോട്ടറിവകുപ്പിന്റെ വിശദീകരണം.


Previous Post Next Post