അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

ചേർത്തല: ചേർത്തലയിൽ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. 14 പേരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തില്‍   ചേർത്തല ആശാരിപറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് മുക്കുപണ്ടം പണയം വെച്ചു 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. ദേവരാജനടക്കം  14 പേരുകളിലായാണ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചുപണം തട്ടിയത്. 
ദേവരാജന്റെ പലവഴിക്കുള്ള പരിചയക്കാരാണ് 13 പേരും. തട്ടിപ്പിനെകുറിച്ച് ഇവർക്ക് അറിവില്ലെന്നാണ് വിവരം. എന്നാൽ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.  തട്ടിപ്പു പുറത്തുവന്നതോടെ ബാങ്കിൽ മുഴുവൻ പണവും തിരിച്ചടച്ചിട്ടുണ്ട്. ബാങ്കിൽ പണയം വെയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വർണവും അവരുടെ പേരിൽ പണയം വെക്കണമെന്ന ആവശ്യമുയർത്തിയാണ് ദേവരാജൻ സമീപിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പരിചയക്കാരനായതും തങ്ങൾക്കു സാമ്പത്തിക ബാധ്യതവരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകൾക്ക് അനുമതി നൽകുകയായിരുന്നെന്നാണ് പൊലീസ് കിട്ടിയ വിവരം. 

ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് പുറത്താകുന്നത്.  പലരുടെയും പേരിൽ പലതവണയായി ഇത്തരത്തിൽ മുക്കുപണ്ടം പണയം വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവരാജൻ പിടിയിലായതോടെയാണ് വിവരങ്ങൾ ഇടപാടുകാർ പലരും അറിയുന്നത്. അധികൃതർ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തി അപ്രൈസറെ പിടികൂടിയത്.  ബാങ്കിലെ ഇയാളുടെ മറ്റിടപാടുകളെ കുറിച്ചും, മുൻകാല സ്വർണപണയങ്ങളെ കുറിച്ചും ബാങ്കും പൊലീസും പരിശോധനകൾ നടത്തുന്നുണ്ട്. നഷ്ടപെട്ട പണം തിരിച്ചടച്ച സാഹചര്യത്തിൽ ബാങ്കിനു നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Previous Post Next Post