ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടി ചരിത്ര നേട്ടത്തിന് ഉടമയായി.



ടോക്യോ/ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടി ചരിത്ര നേട്ടത്തിന് ഉടമയായി. വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഇനത്തിൽ ആണ് സിന്ധു വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു വെങ്കലം കൈകുമ്പിളിൽ ആക്കിയത്. സ്കോർ- 21-13, 21-15. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. താരം കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ആണ് നേടിയിരുന്നത്.

ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് സിന്ധു നേടിയ വെങ്കലം. ഭാരോദ്വഹനത്തിൽ നേരത്തെ മീരാഭായി ചാനു ഇന്ത്യക്ക് ആദ്യ മെഡൽ നേടിയിരുന്നു. ശനിയാഴ്ചത്തെ തോൽവിയുടെ യാതൊരു ക്ഷീണവും കാട്ടാതെ ചൈനീസ് താരത്തിനെതിരെ മികച്ച പ്രകടനമാണ് സിന്ധു കാഴ്ച വെച്ചത്. ടൂർണമെന്റിൽ ആദ്യം മുതൽ ഉണ്ടായിരുന്ന കുതിപ്പൻ പ്രകടനമായിരുന്നു സിന്ധുവിന്റേത്. ചൈനീസ് താരത്തിനെതിരെ തുടക്കം മുതൽ ലീഡ് നേടി സിന്ധു മുന്നിലെത്തുകയായിരുന്നു.
രണ്ടാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, ഇടവേളക്ക് ശേഷം തുടരെ മൂന്ന് പോയിന്റുകൾ നേടി 11-11 എന്ന നിലയിൽ ബിങ് ജിയാവോ മത്സരത്തിൽ വിട്ടു കൊടുക്കില്ലെന്ന് വാശി കാണിച്ചു. എന്നാൽ താൻ വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്ന പ്രകടനമായിരുന്നു സിന്ധുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തുടരെ പോയിന്റുകൾ നേടിയ സിന്ധു സെറ്റ് 20-15ന് സ്വന്തമാക്കി.
Previous Post Next Post