പാമ്പാടിയിലെ പീഢനം പോലീസ് അന്വോഷണം ഊർജ്ജിതം പീഢനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരം

കോട്ടയം: പാമ്പാടിയിൽ കാറിൽ കയറ്റിക്കൊണ്ടുപോയി പതിന്നാലുകാരിയെ ബലാത്സംഗം ചെയ്​ത സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത്, മണർകാട് സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 ഞായറാഴ്ച വയറുവേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോഴാണ്​ കുട്ടി ഗർഭിണിയാണെന്ന്​ അറിഞ്ഞത്​. അഞ്ചരമാസം പ്രായമായ ഗർഭസ്ഥശിശു മരിക്കുകയും ചെയ്​തു. മൃതദേഹത്തിൽ നിന്ന് ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിൾ ശേഖരിച്ച ശേഷം കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്​മശാനത്തിൽ സംസ്​കരിച്ചു. കുട്ടിയുടെ മൊഴി പ്രകാരം പൊലീസ്​ പറയുന്നത്​: പതിനാലുകാരിയും പന്ത്രണ്ടുകാരനായ സഹോദരനും പാമ്പാടിയിലെ വീട്ടിൽ മാതാവിനൊപ്പമാണ്​ താമസിച്ചിരുന്നത്. പിതാവ്​ നേരത്തെ മരിച്ചുപോയി. മാതാവ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കോവിഡ്​ പ്രതിസന്ധിയെതുടർന്ന്​ ഇവരുടെ അമ്മയുടെ ജോലി നഷ്​ടമായി. തുടർന്ന്​ പാമ്പാടിയിലെ മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പതിന്നാലുകാരിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച്​ സമീപത്തെ കടകളിൽ വിൽപ്പന നടത്തിയിരുന്നു. ഏപ്രിൽ 16 ന് പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്​. തുടർന്ന്​ പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി.
 ഉച്ചകഴിഞ്ഞ്​ മൂന്നു മണിയോടെ മണർകാട് ജങ്​ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ അപരിചിതൻ കരകൗശലവസ്​തുക്കൾ വാങ്ങാമെന്നും പണം വീട്ടിലാണെന്നും കൂടെ വന്നാൽ തരാമെന്നും പറഞ്ഞു. കുട്ടിയെ കയറ്റി കാർ തിരുവഞ്ചൂർ ഭാഗത്തേക്ക്​ ഓടിച്ചു പോയി.
ഇടക്ക്​ ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു. തിരികെ മടങ്ങുന്നതിനിടെ ഇയാൾ ചോക്ക്‌ലേറ്റും മാംഗോ ജ്യൂസും നൽകി. ഇതുകഴിച്ചയുടൻ പെൺകുട്ടി മയങ്ങിപ്പോയി. വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് ബസ് സ്​റ്റോപ്പിലായിരുന്നു. തുടർന്ന്​ ബസിൽ കയറി വീട്ടിലെത്തി. പിന്നീട്​ ശാരീരികാസ്വസ്​ഥത അനുഭവപ്പെ​ട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച വയറുവേദനയെതുടർന്നാണ്​ ഈ വയറു വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്​. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും അമിതമായ രക്​തസ്രാവം ഉണ്ടെന്നും കണ്ടെത്തി. തുടർന്ന്​ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.
أحدث أقدم