എടിഎം ചതിച്ചു ; മോഷ്‌ടിക്കാൻ കയറിയ യുവാവ് എടിഎമ്മിനുള്ളിൽ കുടുങ്ങി പിടിയിലായി






കോയമ്പത്തൂർ: മോഷ്‌ടിക്കാൻ കയറിയ യുവാവ് എടിഎമ്മിൽ കുടുങ്ങി. നാമക്കൽ ജില്ലയിലെ അണിയാപുരം വൺ ഇന്ത്യ എടിഎമ്മിലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് യുവാവ് എടിഎമ്മിൽ മോഷ്‌ടിക്കാൻ കയറിയത്. 

തുറന്നിരുന്ന എടിഎം മുറിക്കുള്ളിൽ കയറിയ ഇയാൾ ഷട്ടർ താഴ്‌ത്തിയിട്ടാണ് മോഷണ ശ്രമം തുടങ്ങിയത്. യന്ത്രത്തിനു മുകൾ ഭാഗം മാറ്റി ഉള്ളിലേക്ക് ഇറങ്ങിയ യുവാവ് പണം കണ്ടെങ്കിലും എങ്ങനെയോ എടിഎമ്മിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു.

ഷട്ടർ താഴ്‌ത്തിയിട്ടതിനാൽ വഴിയാത്രക്കാരും ശ്രദ്ധിച്ചില്ല. രക്ഷപെടാൻ സാധിക്കാതെ വന്നതോടെ യുവാവ് ഇവിടെ കിടന്ന് നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവാവിനെ എടിഎമ്മിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് റോന്ത് പൊലീസും സ്ഥലത്തെത്തി. 

ബീഹാർ കിഴക്ക് സാംറാൻ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28)യാണ് എടിഎം മോഷണശ്രമത്തിനിടെ അറസ്റ്റിലായത്. സമീപത്തുള്ള സ്വകാര്യ കോഴിത്തീറ്റ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. തന്‍റെ പണം ഉള്ളിൽ കുടുങ്ങിയതിനാൽ അത് എടുക്കാൻ എടിഎമ്മിൽ കയറിയതാണെന്നായിരുന്നു യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. തന്നെ എങ്ങനെയെങ്കിലും രക്ഷിക്കാനും ആവശ്യപ്പെട്ടു. 

ഇതിനിടെ ഓടിക്കൂടിയവർ യുവാവിന്‍റെ ചിത്രങ്ങളും വീഡിയോയും പകർത്താൻ തുടങ്ങിയതോടെ ഇയാൾ ദേഷ്യപ്പെടുകയും ചെയ്‌തു. പിന്നീട് ഇയാളെ പുറത്തെടുത്ത് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. സംഭവം നടക്കുമ്പോൾ എടിഎം മിഷനിൽ 2.65 ലക്ഷം രൂപയുണ്ടായിരുന്നു. 


Previous Post Next Post