രാത്രിയില്‍ ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്നു, മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ ബിവറേജസിലെത്തിയ പ്രതികള്‍ കുടുങ്ങി.



റാന്നി/ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും മോഷ്ടിച്ച പണവുമായി ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ മോഷ്ടാക്കള്‍ പിടിയില്‍. മോഷ്ടിച്ച നാണയത്തുട്ടുകളും പത്തുരൂപ നോട്ടുകളുമായാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയിരുന്നത്. ഇതില്‍ സംശയം തോന്നി ബീവറേജസിലെ ജീവനക്കാര്‍ പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി സിസി ടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ അകത്തായത്. രണ്ട് ദിവസം മുമ്പ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികള്‍ കുടുങ്ങിയത്. തോക്ക്‌തോട് സ്വദേശി സനീഷും തോമസുമാണ് മോഷണകേസിലെ പ്രതികള്‍.
പൊലീസ് പറയുന്നത് ഇങ്ങനെ:- രാത്രിയില്‍ ഇരുവരും ചേര്‍ന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ കാണിക്കവഞ്ചിയും പൊളിക്കാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ നാട്ടുകാര്‍ കണ്ട് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.
തൊട്ടടുത്ത ദിവസം മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാന്‍ പ്രതികള്‍ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് നാണയത്തുട്ടുകളും പത്ത് രൂപയുടെ നോട്ടുകളും മാത്രമായിരുന്നു. മോഷ്ടാക്കളായ സനീഷും തോമസും മദ്യം വാങ്ങി പോയെങ്കിലും സംശയം തോന്നിയ ബിവറേജസിലെ ജീവനക്കാരന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസി ടിവി പരിശോധിച്ചു. അതിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Previous Post Next Post