വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകത മൂലം,നിരവധി യാത്രക്കാരെ കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ട്‌ ഇന്ത്യക്കരുടെ പ്രവേശനുമായി ബന്ധപ്പെട്ടു അവ്യക്തത തുടരുന്നു


റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.


കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികകൾക്കുള്ള പ്രവേശനാനുമതി പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ ഇന്ന്, വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകത മൂലം,നിരവധി യാത്രക്കാരെ കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ട്‌.ബ്രിട്ടനിൽ നിന്ന് ഇന്ന് കുവൈത്ത്‌ വിമാനതാവളത്തിൽ ഭാര്യയോടൊപ്പം എത്തിയ ഇമാദ്‌ സഹ്രാൻ എന്ന എഞ്ചിനീയറുടെ ഭാര്യക്ക്‌ ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് അൽ റാീ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. ലണ്ടനിൽ നിന്ന് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷമാണു ഇദ്ദേഹവും ഭാര്യയും ഇന്ന് കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയത്‌.ആഗോള ബാർകോഡ്‌ സാന്നിധ്യമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റും  യൂറോപ്യൻ യൂനിയൻ അംഗീകരിച്ച ഹെൽത്ത് പാസ്പോർട്ടും ഇവരുടെ കൈവശം ഉണ്ടായിരുന്നു.എന്നിട്ടും കുവൈത്തിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ 3 മണിക്കൂറിലധികം തനിക്ക്‌ ചെലവഴിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.ഒടുവിൽ തനിക്ക്‌ പ്രവേശനം അനുവദിക്കുകയും ഭാര്യക്ക്‌ പ്രവേശനാനുമതി നിരസിക്കുകയുമായിരുന്നു.തന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.എന്നാൽ ഭാര്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ അംഗീകാരത്തിനായി കുവൈത്ത്‌ ഇമ്മ്യൂണിറ്റി ആപ്പിൽ 
 ജൂലായ്‌ 17 മുതൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇക്കാരണത്താൽ ഭാര്യയെ സ്വദേശത്തേക്ക്‌ തിരിച്ചയക്കേണ്ടി വരുമെന്നും സഹ്രാൻ ആശങ്ക പ്രകടിപ്പിച്ചു.സമാനമായ രീതിയിൽ യൂറോപ്യൻ യൂനിയൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ കൈവശമുള്ള 14 ൽ അധികം പേർ കുവൈത്ത്‌ വിമാനതാവളത്തിൽ കുടുങ്ങി കിടക്കുന്നതായും അദ്ദേഹം അറിയിച്ചു.അതേ സമയം ഇന്ത്യക്കാരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ നിരവധി അഭ്യൂഹങ്ങളാണു പ്രചരിക്കുന്നത്‌.മറ്റൊരു രാജ്യത്ത്‌ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം മാത്രമാണു പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും കുവൈത്തിൽ എത്തിയാൽ ഇവർ വീണ്ടും ഒരാഴ്ച ക്വാറന്റൈൻ അനുഷ്ടിക്കണം എന്നുമാണു പ്രചരിക്കുന്നത്‌. 
എന്നാൽ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ കുവൈത്ത്‌ സിവിൽ ഏവിയേഷൻ ഇന്നലെ അർദ്ധ രാത്രിയാണു ഏറ്റവും ഒടുവിൽ വിജ്ഞാപനം പുറത്തിറക്കിയത്‌. ഈ വിജ്ഞാപനത്തിൽ ഇത്തരത്തിൽ ഏതെങ്കിലും നിബന്ധനകൾ ഏർപ്പെടുത്തിയതായി സൂചിപ്പിച്ചിട്ടുമില്ല.ജൂലായ്‌ 30 നു ഇന്ത്യൻ എംബസിയിൽ വെച്ചു നടന്ന പരിപാടിക്കിടെ കുവൈത്ത്‌ വ്യോമയാന ഡയരക്റ്റർ ജനറൽ യൂസുഫ്‌ അൽ ഫൗസാൻ മാധ്യമങ്ങളോട്‌ ഇത്‌ സംബന്ധിച്ച നിലപാട്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു.വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ അംഗീകരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്‌ മറ്റു യാത്രാ നിബന്ധനകൾ പൂർത്തിയാക്കി മൂന്നാമതൊരു ട്രാൻസിസ്റ്റ്‌ രാജ്യം വഴി കുവൈത്തിലേക്ക്‌ പ്രവേശിക്കാം എന്നായിരുന്നു ഫൗസാൻ മാധ്യമങ്ങളെ അറിയിച്ചത്‌. ട്രാൻസിറ്റ്‌ രാജ്യത്ത്‌ ക്വാറന്റൈൻ അനുഷ്ടിക്കേണ്ടതില്ലെന്നും ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ അനുമതി ഉടൻ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുവൈത്ത്‌ വ്യോമയാന അധികൃതർ  ഇതിൽ നിന്ന് വ്യത്യസ്ഥമായ യാതൊരു അറിയിപ്പും ഇത്‌ വരെ പുറപ്പെടുവിച്ചിട്ടുമില്ല.അതേ സമയം കുവൈത്ത്‌ ഇമ്മ്യൂൺ ആപ്പിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിനു അംഗീകാരം ലഭിച്ചാൽ  മാത്രമേ ടിക്കറ്റ്‌ ബൂക്കിംഗ്‌ ചെയ്യേണ്ടതുള്ളൂ എന്നാണു എംബസി അധികൃതർ അഭിപ്രായപ്പെടുന്നത്‌.മാത്രവുമല്ല ഇന്ത്യക്കാരുടെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട്‌ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യും.അതുവരേക്കും കാത്തിരിക്കുന്നതാകും അഭികാമ്യം എന്നാണു എയർ ലൈൻസ്‌ മേഖലയിൽ പ്രവർത്തിക്കുന്നവരും അഭിപ്രായപ്പെടുന്നത്‌.
Previous Post Next Post