ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും കര്‍ശന ലോക്ഡൗണ്‍ ; മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍




 

ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജനങ്ങളോട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കരുതലോടെ ഇരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.

മൂന്നാം തരംഗം തടയാന്‍ ജനം കരുതലോടെ ഇടപെടണം. മാസ്‌ക് ധരിക്കാതെ ആളുകള്‍ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, ആ സമയത്ത് രണ്ട് മാസ്‌ക് ധരിക്കണം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങി കൂട്ടം കൂടിയാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും.

വാക്‌സിനേഷന്‍ മാത്രമാണ് ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏകവഴി. അതിനാല്‍ ജനങ്ങള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം. ഒന്നും രണ്ടും തരംഗത്തേക്കാള്‍ വളരെ മോശം അവസ്ഥയാകും മൂന്നാം തരംഗത്തില്‍ ഉണ്ടാകുകയെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.


Previous Post Next Post