അരക്ക് താഴേക്ക് തളര്‍ന്ന യുവതിയുടെ വിവാഹം ഏറ്റെടുത്ത് സിപിഎം ലോക്കല്‍കമ്മിറ്റി

മാവേലിക്കര: അരയ്‌ക്ക്‌ താഴെ തളര്‍ന്ന യുവതിയുടെ വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങി സി.പി.എം. ചെട്ടികുളങ്ങര വടക്ക്‌ ലോക്കല്‍ കമ്മിറ്റി.
ചെട്ടികുളങ്ങര ഈരേഴ വടക്ക്‌ വിനീഷ്‌ ഭവനത്തില്‍ വിനീത(34)യുടെ വിവാഹമാണ്‌ സി.പി.എം. ഏറ്റെടുത്ത്‌ നടത്തുന്നത്‌.
ഈരേഴ വടക്ക്‌ നിര്‍മിതി കോളനി നിവാസികളായ വേണുഗോപാല്‍-ഓമന ദമ്പതികളുടെ മകളാണ്‌ വിനീത. 
സുമനസുകള്‍ക്ക്‌ വിവാഹ ധനസഹായം കൈമാറാനുള്ള സൗകര്യത്തിനായി ഐ.ഒ.ബി. മറ്റം ശാഖയില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 196301000007808. ഐ.എഫ്‌.എസ്‌.സി: ഐ.ഒ.ബി.എ 0001963. അക്കൗണ്ടിലേക്ക്‌ നേരിട്ടോ ഗൂഗിള്‍ പേ വഴിയോ പണം അയയ്‌ക്കാം. വിവാഹ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ച്‌ വഴി ലോക്കല്‍ കമ്മിറ്റിയിലെ ഏഴു വാര്‍ഡുകളിലായി 3000 ബിരിയാണികള്‍ വിതരണം ചെയ്യും.
130 രൂപയ്‌ക്ക്‌ നല്‍കുന്ന ബിരിയാണിയുടെ ഓര്‍ഡര്‍ നാളെ വരെ സ്വീകരിക്കും. 15 ന്‌ കരിപ്പുഴ ഗ്രേസ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. ബിരിയാണി വിതരണം ഉദ്‌ഘാടനം ചെയ്യും.
വിവിധ വാര്‍ഡുകളിലെ സംഘാടക സമിതി ഭാരവാഹികള്‍ ബിരിയാണി ഏറ്റുവാങ്ങി വിതരണം ചെയ്യും. വിനീതയുടെ സഹോരദന്‍ വിനീഷും(32) അരയ്‌ക്ക്‌ താഴെ തളര്‍ന്ന നിലയിലാണ്‌. 14 വര്‍ഷം മുമ്പ്‌ പിടിപെട്ട പേശീക്ഷയം എന്ന രോഗമാണ്‌ വിനീതയെയും വിനീഷിനെയും കിടക്കയിലാക്കിയത്‌.
ഇരുവരും വീല്‍ചെയറിലാണ്‌ ജീവിതം മുന്നോട്ടു നീക്കുന്നത്‌. അര്‍ബുദ ബാധിതയായ ഓമനയുടെയും മക്കളുടെയും ചികിത്സയ്‌ക്ക്‌ പോലും ബുദ്ധിമുട്ടുകയാണ്‌ കുടുംബം. വേണുഗോപാല്‍ കൂലിപ്പണി ചെയ്‌ത്‌ കിട്ടുന്ന വരുമാനം മാത്രമാണ്‌ കുടുംബത്തിന്റെ ആശ്രയം.
പാലക്കാട്‌ തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍-ശാരദ ദമ്പതികളുടെ മകന്‍ സുബ്രഹ്‌മണ്യനാണ്‌ വിനീതയെ വിവാഹം ചെയ്യുന്നത്‌. സി.പി.എം ചെട്ടികുളങ്ങര വടക്ക്‌ ലോക്കല്‍ സെക്രട്ടറി കെ.ശ്രീപ്രകാശ്‌ കണ്‍വീനറും ലോക്കല്‍ കമ്മിറ്റിയംഗം ജോയി ചെയര്‍മാനുമായുള്ള മംഗല്യ സഹായ സമിതിയാണ്‌ വിവാഹ നടത്തിപ്പിന്‌ നേതൃത്വം നല്‍കുന്നത്‌.
Previous Post Next Post