പ്രവാസികൾക്ക് ആശ്വാസം; കൊച്ചി- യുഎഇ വിമാന സർവീസ് തുടങ്ങി




 

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ സർവീസ് നടത്തി. മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വസമായി മാറുകയാണ് യുഎഇയുടെ തീരുമാനം. 

എയർ അറേബ്യയും എമിറേറ്റ്‌സുമാണ് ഇന്ന് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയത്. എയർ അറേബ്യ ജി9426 പുലർച്ചെ 3.50ന് 69 യാത്രക്കാരുമായി ഷാർജയിലേയ്ക്കും എമിറേറ്റസ് ഇകെ531 രാവിലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ എന്നിവയുടെ സേവനം ഏകോപിപ്പിക്കാനായതാണ് ആദ്യദിനം തന്നെ രാജ്യാന്തര പുറപ്പെടൽ സാധ്യമാക്കിയതെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. 

നിലവിൽ ലഭ്യമായ സമയക്രമം അനുസരിച്ച് എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസ് നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30നു വന്ന് 4.40നു മടങ്ങും. രണ്ടാമത്തേതു വൈകീട്ട് 6.40നു വന്ന് 7.20നു മടങ്ങും. എമിറേറ്റസ് ദിവസവും സർവീസുകൾ നടത്തും. രാവിലെ 8.44നു വന്ന് 10.30നു മടങ്ങുന്നതാണു ഷെഡ്യൂൾ. ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയും ഉടനെ സർവീസുകൾ ആരംഭിക്കും. 

നേരത്തെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ആയിരങ്ങൾക്കാണു ജോലി നഷ്ടപ്പെടുകയോ അത്യാവശ്യ യാത്രകൾ മാറ്റി വയ്ക്കുകയോ ചെയ്യേണ്ടി വന്നത്. നിലവിൽ ഉപാധികളോടെയാണ് ഇന്ത്യക്കാർക്കു യുഎഇയുടെ യാത്രാനുമതി. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്‌സിൻ യുഎഇയിൽ നിന്ന് എടുത്തിട്ടുള്ളവർക്കുമാണ് അനുമതി. 

ദുബായ് യാത്രക്കാർ ജിഡിആർഎഫ്എ പോർട്ടലിലും മറ്റു രാജ്യങ്ങളിലേയ്ക്കുള്ളവർക്ക് ഐസിഎ പോർട്ടലിലും രജിസ്റ്റർ ചെയ്യണം. 48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടൽ വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. 

റസിഡന്റ്സ് വിസയുള്ളവർക്കു പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ വൈകാതെ തന്നെ മറ്റു യാത്രക്കാർക്കും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രവാസികൾ..


Previous Post Next Post