ഓ മിസ്സോറാമിന്റെ ഹിന്ദി, മലയാളം പരിഭാഷകളുടെ പ്രകാശനം നാളെ






കോട്ടയം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ ഓ മിസ്സോറാം എന്ന ഇംഗീഷ് കവിതാസമാഹാരത്തിന്റെ ഹിന്ദി, മലയാളം പരിഭാഷകളുടെ പ്രകാശനം നാളെ രാവിലെ 10.30ന് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടക്കും. ഹിന്ദി പരിഭാഷ ഡോ. ഷീന ഈപ്പനും മലയാള പരിഭാഷ ഏബ്രഹാം മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രകാശനചടങ്ങില്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി അധ്യക്ഷനാകും. ഹിന്ദി പരിഭാഷ പ്രകാശനം ജസ്റ്റിസ് കെ.ടി. തോമസ് മംഗളം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസിന് നല്‍കി നിര്‍വ്വഹിക്കും. മലയാളം പരിഭാഷ മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാറിന് നല്‍കി പ്രകാശനം ചെയ്യും. 

ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി ആശംസ നേരും. പരിഭാഷക ഡോ. ഷീന ഈപ്പന്‍, എബ്രഹാം മാത്യു, വര്‍ഗ്ഗീസ് ബാബു എന്നിവര്‍ പങ്കെടുക്കും. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.


Previous Post Next Post