ഓട്ടോ റിക്ഷയിൽ യുവതിക്ക് സുഖ പ്രസവം; രക്ഷകനായി എത്തിയത് ആംബുലൻസ് ഡ്രൈവർ






കോട്ടയം:  നഗരത്തിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് സുഖപ്രസവം. രക്ഷകനായി ഓടിയെത്തിയത് പനച്ചിക്കാട് പഞ്ചായത്തിൻ്റെ ആമ്പുലൻസ് ഡ്രൈവറായ യുവാവ്.

ഇന്ന് വൈകിട്ട്  കോട്ടയത്ത് മനോരമ ജംഗ്ഷനിലായിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്നു ചൂട്ടുവേലി സ്വദേശി യുവതിയും കൂട്ടുകാരിയും. സിഗ്നൽ ലൈറ്റിന് സമീപമെത്തിയപ്പോൾ യുവതിക്ക് വേദന കലശലായി. 

ആ സമയത്താണ് നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ഡ്രൈവർ പാത്താമുട്ടം പ്ലാപ്പറമ്പിൽ രജ്ഞിത്ത് ആംമ്പുലൻസുമായി എത്തിയത്‌.

ഓട്ടോറിക്ഷക്കുള്ളിലെ കരച്ചിൽ ശ്രദ്ധിച്ച രഞ്ജിത്ത് ആമ്പുലൻസ് നിർത്തിയ ശേഷം ചാടി ഇറങ്ങി ഓട്ടോറിക്ഷായുടെ സമീപത്തേക്ക് ഓടി എത്തി. 

അബോധാവസ്ഥയിലായ യുവതി പ്രസവിക്കുകയാണ് എന്ന് അറിഞ്ഞതോടെ വേണ്ട പരിചരണം നൽകി, തൻ്റെ കയ്യിലുണ്ടായിരുന്ന ടൗവ്വലിലേക്ക് കുഞ്ഞിനെ കോരിയെടുത്തു. 

തുടർന്ന് അതേ ഓട്ടോറിക്ഷയിൽ യുവതിക്കൊപ്പം യാത്ര തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് ഓടി എത്തിയ നഴ്സുമാർ ചേർന്ന് കുഞ്ഞിൻ്റെ പുക്കിൾ കൊടി മുറിച്ചതിനെ തുടർന്നാണ് രഞ്ജിത്തിൻ്റെ കൈകളിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

യുവതിയും, കുഞ്ഞും സുരക്ഷതിരാണന്നറിഞ്ഞശേഷമാണ് രഞ്ജിത്ത് മടങ്ങിയത്. സംഭവമറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കം നിരവധി പേർ രഞ്ജിത്തിനെ ഫോൺ വിളിച്ച് അഭിനന്ദനമർപ്പിച്ചു. 

Previous Post Next Post