മദ്യലഹരിയില്‍ പൊലീസുകാരന്റെ കാര്‍ ആംബുലന്‍സില്‍ ഇടിച്ചു; കേസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ !


ആലപ്പുഴ: ദേശീയ പാതയില്‍ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി. പൊലീസുകാരന്‍ ഓടിച്ച കാര്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സിലേക്ക്  ഇടിച്ചു കയറിയ സംഭവത്തില്‍ പൊലീസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
       അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും ഉള്ളപ്പോഴാണ് വാദിയെ പ്രതിയാക്കിയത്.
കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സിലേക്കാണ് എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറിയത്. അപകടത്തിന് ഉത്തരവാദി കാര്‍ ഡ്രൈവര്‍ തന്നെയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിക്കുന്നു. കാര്‍ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവില്‍ പൊലീസ് ഓഫീസര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡിക്ക‌ല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ രേഖയുമുണ്ട്. പക്ഷേ, ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. 108 ആംബുലന്‍സിലെ ‍ഡ്രൈവറെ മണ്ണഞ്ചേരി പൊലീസ് പ്രതിയാക്കി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സിന് കാലിന് ഒടിവുണ്ട്. കൊവിഡ് രോഗിക്ക് പരിക്കില്ല. കാറോടിച്ച പൊലീസുകാരന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post