പള്ളിക്കോണം രാജീവ് എഴുതിയ ‘മണർകാടിന്റെ ഭൂതകാലത്തിലൂടെ ‘ എന്ന ലേഖനം സോഷൃൽ മീഡിയയിൽ വൈറൽ

 


ലേഖനം ഇങ്ങനെ 
"ഈ ലേഖനം ശ്രീ പള്ളിക്കോണം രാജീവ് എഴുതിയതാണ്. നമ്മുടെ പുതുതലമുറയ്ക്ക് മണർകാടിന്റെ ഭൂതകാലം അറിയാൻ ഈ ലേഖനം വളരെ ഉപകാരപ്പെടുമെന്ന് കരുതുന്നു. ഈ അവസരത്തിൽ ശ്രീ പള്ളിക്കോണം രാജീവിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

https://youtu.be/T69FRs6-f8U
👍👍🌹🌹🌹🌹🌹🙏🙏🙏🙏🙏👏

കോട്ടയത്തിന് കിഴക്കായി ഇടനാട്ടിലെ കുന്നുകളും സമതലങ്ങളും ഇടകലർന്ന പ്രദേശമാണ് മണർകാട്. തെക്കുകിഴക്ക് വെന്നിമലയും തെക്കും പടിഞ്ഞാറും വടവാതൂർ കുന്നുകളും വടക്ക് മാലംതോടും പറമ്പുകരത്തോടും കിഴക്ക് അമയന്നൂരും അരീപ്പറമ്പും വെള്ളൂരും മണർകാട് - കുഴിപ്പുരയിടം കരകൾക്ക് അതിരുതീർക്കുന്നു. 

മീനച്ചിലാറിൻ്റെ കൈവഴിയായ മീനന്തറയാർ മണർകാട് പഞ്ചായത്തിലെ പുഞ്ചനിലങ്ങളെ സമൃദ്ധമാക്കി ഒഴുകുന്നു. വെന്നിമലയിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളൂർ തോട് മാലം തോടുമായി ചേർന്ന് മീനന്തറയാറ്റിൽ ചേരുന്നു. തലപ്പാടിയിൽ നിന്നും വടവാതൂർക്കുന്നിൽ നിന്നും ഉത്ഭവിക്കുന്ന തോടുകൾ ഐരാറ്റുനടയിൽ സംഗമിച്ച് വടക്കോട്ടൊഴുകി മീനന്തറയാറ്റിൽ ചേരുന്നു. ഈ ജലസ്രോതസ്സുകൾ എക്കാലവും മണർകാടിൻ്റെ ഫലപൂയിഷ്ടമായ മണ്ണിൻ്റെ നനവിനെ നിലനിർത്തിയിരുന്നതിനാൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് വിവിധ കാലഘട്ടങ്ങളിലായി വിവിധ ജനസമൂഹങ്ങൾ ഇവിടേയ്ക്ക് കുടിയേറി പാർക്കാനിടയായി.

https://youtu.be/T69FRs6-f8U
ഗോത്രജനസമൂഹങ്ങളാണ് മണർകാട്ടെയും സമീപപ്രദേശങ്ങളിലെയും ആദിമജനത എന്നതിന് ലക്ഷ്യങ്ങളുണ്ട്. ഉള്ളാടർ, മലവേടർ തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഉയർന്ന പ്രദേശങ്ങളിലെ കാടുകളിലും മലമേടുകളിലും അധിവസിച്ചിരുന്നു. വെന്നിമലയിൽ വസിച്ചിരുന്ന ഉള്ളാടർ ചേരമാൻ പെരുമാളുടെ നിർദ്ദേശം സ്വീകരിച്ച് മലയിറങ്ങി താഴ്‌വാരത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് സംക്രമിച്ചു. ദേശ ഭരദേവതാസ്ഥാനമായ മണർകാട്ടുകാവ് ദേവീക്ഷേത്രത്തോടു ചേർന്ന മൂലസ്ഥാനവും കാവും ആദിമജനതയുടെ ഗോത്രാരാധനാകേന്ദ്രമായിരുന്നുവെന്നതിന് ഏറെ തെളിവുകളുണ്ട്. അതിനടുത്തു തന്നെ പുരാതനകാലത്ത് നിലനിന്നിരുന്ന മറ്റൊരു ക്ഷേത്രത്തിൻ്റെ കിണറും മറ്റ് അവശേഷിപ്പുകളും ഇപ്പോഴും കാണാനുണ്ട്.

https://youtu.be/J9eBiXvEsl8

മീനന്തറയാർ സംപുഷ്ടമാക്കുന്ന ഇടനാട്ടിലെ വയലുകളിലെ നെൽകൃഷിയും മദ്ധ്യകാലത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നതായി കണക്കിലാക്കാവുന്നതാണ്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട്  അടിസ്ഥാനവർഗ്ഗത്തിലുള്ളവരാണ്  ഗിരിജനങ്ങൾക്ക് പിന്നാലെയെത്തി ഇവിടെ കുടിപ്പാർപ്പുറപ്പിച്ചവർ. ഉയർന്ന കിഴക്കൻപ്രദേശങ്ങളിലെ ചുവന്ന മണ്ണിലെ ഇരുമ്പയിരിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് നാടൻ ഇരുമ്പുരുക്കു സാങ്കേതികവിദ്യ കൈവശമാക്കിയ കരുവാൻമാർ ഇവിടേക്ക് കുടിയേറിയിട്ടുണ്ടെന്ന് മണർകാട്ടും സമീപദേശങ്ങളായ അരീപ്പറമ്പിലും അയർക്കുന്നത്തും അവിടവിടെയായി കാണപ്പെടുന്ന കീടക്കല്ലുകൾ തെളിയിക്കുന്നുണ്ട്. ഇരുമ്പിലുള്ള കാർഷികോപകരണങ്ങളുടെയും ആയുധങ്ങളുടെയും നിർമ്മാണം ഇവിടൊക്കെയും നിലനിന്നിരിക്കാം.

https://youtu.be/xc_o1LRqAH0

പതിനാലാം നൂറ്റാണ്ടിൽ അജ്ഞാത കർത്താവിനാൽ വിരചിതമായ ഉണ്ണുനീലിസന്ദേശമെന്ന കാവ്യകൃതിയിൽ പരാമർശിതമായ തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ നീളുന്ന നാട്ടുവഴി കടന്നുപോകുന്നത് മണർകാട്ടിലൂടെയായിരുന്നു. സന്ദേശഹരൻ സഞ്ചരിക്കേണ്ടതായി നായകൻ പറയുന്ന നാട്ടുവഴി പഴയ തെക്കുംകൂർ രാജ്യത്തിൻ്റെ തലസ്ഥാനമായ മണികണ്ഠപുരം കടന്ന് തിരുവഞ്ചാപ്പുഴ എന്ന തിരുവഞ്ചൂരിൽ എത്തും വിധമാണ്. മണികണ്ഠപുരത്തെയും വെന്നിമലയെയും തിരുവഞ്ചാപ്പുഴയെയും പരാമർശിക്കുന്ന കാവ്യഭാഗങ്ങളാണ് ഉള്ളതെങ്കിലും ഈ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനിടയിൽ വഴിയുടെ ഘടന മനസിലാക്കാൻ ഒരു സൂചനകളും ലഭ്യമല്ല. എങ്കിലും വായ്മൊഴിയായി നിലനിന്നു വരുന്ന അറിവുകളിലൂടെ ഇക്കാര്യത്തിൽ ഏകദേശ ധാരണയിലെത്തിച്ചേരാൻ കഴിയുന്നുണ്ട്. മണികണ്ഠപുരത്തു  നിന്ന് പുറപ്പെട്ട് തൃക്കോതമംഗലത്തെ കൊട്ടാരത്തിൽ കടവിലെത്തിയാൽ പിന്നീട് കൊടൂരാറ്റിലൂടെ ജലമാർഗ്ഗമാണ് സഞ്ചാരം. പുതുപ്പള്ളിക്ക് തൊട്ടുപടിഞ്ഞാറ് പാലൂർ കടവിലിറങ്ങിയാൽ തുടർന്ന് കരമാർഗ്ഗം വടക്കോട്ട് സഞ്ചരിച്ച് മണർകാടും കടന്ന് തിരുവഞ്ചൂരിലെത്തിച്ചേരുന്നു. മദ്ധ്യകാല കേരളത്തിൽ തെക്കുവടക്കായി പോയിരുന്ന ഒരു പ്രധാന പാത മണർകാട്ടിലൂടെയായിരുന്നു എന്നതു തന്നെയാണ് ഈ പ്രദേശത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാട്ടുന്നത്. അതുകൊണ്ടു തന്നെയാവും മണർകാട് പിൽക്കാലത്ത് തികഞ്ഞ ജനവാസമേഖലയായി പരിണമിക്കുന്നതിന് കാരണമായിത്തീർന്നതും.

https://youtu.be/QLpZRMIkxu4

ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന നാട്ടുവഴി മാത്രമല്ല, തെക്കുംകൂറിൻ്റെ തലസ്ഥാനമായിരുന്ന മണികണ്‌ഠപുരത്തു നിന്ന് തുടങ്ങി തകിടിയും കടന്ന് രാജധാനിയായ വെന്നിമലയിലെത്തി അവിടെനിന്ന് മണർകാടും കടന്ന് കിടങ്ങൂർ, കൂടല്ലൂർ, കടപ്പൂർ, വെമ്പള്ളി, കാഞ്ഞിരത്താനം എന്നീ സ്ഥലങ്ങളും പിന്നിട്ട് പഴയ വടക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനമായ കടുത്തുരുത്തിയിലെത്തുന്ന "നാരായപ്പെരുവഴി"യും പഴയ കാല സഞ്ചാരപാതകളിൽ പ്രധാനമാണ്. ഈ രണ്ടു വഴികളും മണർകാട്ടിലൂടെയാണെന്നത് ഈ പ്രദേശത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഇന്നത്തെ മണർകാട് പഞ്ചായത്തിൽ മണർകാട് കൂടാതെ പൈതൃക പ്രാധാന്യമുള്ള തിരുവഞ്ചൂർ, അരീപ്പറമ്പ് പ്രദേശങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
തിരുവഞ്ചൂർ, പറമ്പുകര, നടയ്ക്കൽ, മാലം, പറപ്പള്ളിക്കുന്ന്, അരീപ്പറമ്പ്, മരോട്ടിപ്പുഴ, പാണ്ഡവർകളരി, കോളേജ്, - കുറ്റിയക്കുന്ന്, ശങ്കരശ്ശേരി, കണിയാംകുന്ന്, ഐരാറ്റുനട, വെണ്ണാശ്ശേരി, മണർകാട്, കുഴിപ്പുരയിടം, ഐ.റ്റി.സി എന്നീ വാർഡുകളാണ് ഇപ്പോൾ പഞ്ചായത്തിലുള്ളത്. 2000 ൽ പഴയ വിജയപുരം പഞ്ചായത്തിനെ വിഭജിക്കപ്പെട്ടാണ് മണർകാട് ആസ്ഥാനമാക്കി മണർകാട് പഞ്ചായത്ത് രൂപം കൊള്ളുന്നത്. മണർകാട് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമായ വിജയപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ സാന്നിധ്യമാണ് മണർകാടുൾപ്പെടെയുള്ള പ്രദേശത്തിന് പണ്ടുകാലം മുതൽ വിജയപുരം എന്ന പേർ പറഞ്ഞു വരുന്നതിന് കാരണം. പഞ്ചായത്ത് വിഭജനത്തോടെ വടവാതൂരും മാങ്ങാനവും നട്ടാശ്ശേരിയുമുൾപ്പെടുന്ന ഭാഗമായി വിജയപുരം പഞ്ചായത്ത് ചുരുങ്ങിയപ്പോൾ വിധിവൈപരീത്യമെന്നു പറയട്ടെ വിജയപുരം ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം മണർകാട് പഞ്ചായത്തിലുമായി !
ഏറെ പൈതൃക പ്രാധാന്യമുള്ള വെന്നിമല,അരീപ്പറമ്പ് തിരുവഞ്ചൂർ എന്നീ പ്രദേശങ്ങൾ മണർകാടിനോട് ചേർന്നാണ്. തിരുവഞ്ചൂരും അരീപ്പറമ്പും മണർകാട് പഞ്ചായത്തിൽ തന്നെയാണെങ്കിലും വെന്നിമല ഇപ്പോൾ പുതുപ്പളളി പഞ്ചായത്തിൻ്റെ ഭാഗമാണ്.

https://youtu.be/EWDZovJIz40

മണർകാടിനടുത്ത് നമ്പൂതിരി ബ്രാഹ്മണർ കൂട്ടമായി കുടിയേറി പാർത്ത പ്രദേശങ്ങളാണ് അമയന്നൂർ, തിരുവഞ്ചൂർ, അരീപ്പറമ്പ് എന്നിവിടങ്ങൾ. അമയന്നൂർ മഹാദേവ ക്ഷേത്രവും തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും അരീപ്പറമ്പ് മഹാദേവക്ഷേത്രവും  പഴക്കമുള്ളവയും ചരിത്രപരവും ഐതിഹ്യപരവുമായി ഏറെ പ്രാധാന്യമുള്ളവയുമാണ്. 

https://youtu.be/7cI_Hi6kOE4

തെക്കുംകൂർ രാജവാഴ്ചക്കാലത്ത് മണർകാട്  നേരിട്ടുള്ള രാജഭരണത്തിലായിരുന്നുവെങ്കിൽ അരീപ്പറമ്പിലും തിരുവഞ്ചൂരിലും രാജാധികാരം പരിമിതപ്പെടുംവിധം ഊരാണ്മക്കാർക്ക് മേൽക്കൈ ഉണ്ടായിരുന്നുവത്രെ. തിരുവഞ്ചൂർ നമ്പൂതിരിബ്രാഹ്മണരുടെ അധിവാസകേന്ദ്രമാണെന്ന് ഉണ്ണുനീലിസന്ദേശത്തിൽ തന്നെ പറയുന്നുണ്ട്. ഈ കൃതിയില്‍ സന്ദേശഹരന്‍ സഞ്ചരിക്കേണ്ട നാട്ടുപാത തിരുവഞ്ചാപ്പുഴ എന്ന ഇന്നത്തെ തിരുവഞ്ചൂര്‍ കടന്നാണ് ഏറ്റുമാനൂരേക്ക് പോകുന്നത്.

https://youtu.be/JjcVZBC2K9Y

 ''വിപ്രേന്ദ്രാണാമഭി ജനവതാം വാസസങ്കേതസീമാം
ഏനാം ജാനുദ്വയ സമധുര സ്വച്ഛനീരാഭിരാമാം
ഛത്രശ്രേണീവിരചിത നടപ്പന്തലൂടെ കടന്നിട്ട്
തത്രത്യാനാമവിധാനിനാദവും കേട്ടുകേട്ട്''
എന്ന കാവ്യഭാഗത്ത് അന്നത്തെ മീനച്ചിലാറിന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കാവുന്നതാണ്. ബ്രാഹ്മണന്‍മാര്‍ അധിവസിക്കുന്ന സങ്കേതത്തിന്റെ അതിരിലായി കാലിണകള്‍ നനയാന്‍ മാത്രം മധുരതരമായ തെളിനീരൊഴുകുന്ന പുഴയില്‍, വെണ്‍കൊറ്റക്കുടകള്‍കൊണ്ടു വിതാനിച്ച കടവിലൂടെ ഇറങ്ങി ശബ്ദകോലാഹലങ്ങള്‍ കേട്ടുകൊണ്ട് മറുകരയെത്താമെന്നാണ് സാരം. ഇന്നത്തെ പൂവത്തുംമൂട് പാലത്തിന് ചേര്‍ന്ന് ഏറ്റുമാനൂരപ്പനും പെരിങ്ങള്ളൂരപ്പനും അക്കരെയിക്കരെ ഒരേ സമയം ആറാടുന്ന ഇരുകടവുകളുള്ള മീനച്ചിലാറിന്റെ ഈ ഭാഗം ഏഴര നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മണലുവാരി മാറ്റി അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതായാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്. മീനച്ചിലാറ്റിൽ ഈ ഭാഗത്തു നിന്നു തന്നെ ആരംഭിച്ച് വളഞ്ഞുപുളഞ്ഞ് ഒഴുകി വടവാതൂരിന് സമീപത്ത് വന്നുചേരുന്ന ചെട്ടിത്തോടിനും ജലസേചനവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുണ്ട്. അഞ്ചു ഊരുകൾ ചേരുന്ന ദേശം എന്ന് പേരിൽ സൂചന നൽകുന്ന തിരുവഞ്ചൂരിൻ്റെ ഗ്രാമക്ഷേത്രമാണ് തിരുവഞ്ചൂർ സുബ്ബഹ്മണ്യസ്വാമിക്ഷേത്രം.

https://youtu.be/ySHheuvWcE8

ഉണ്ണുനീലിസന്ദേശത്തിലെ പാത പാലമുറിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വടക്കോട്ടു പോയി പോളച്ചിറയ്ക്ക് സമീപത്തെത്തിച്ചേരുന്നതായാണ് പഴമക്കാർ പറയുന്നത്. ഇതിന് സമീപമുള്ള നരിമറ്റം ഭദ്രകാളിക്ഷേത്രത്തിനും ഏറെ പൈതൃകപ്രാധാന്യമുണ്ട്. ഇവിടെ പറമ്പുകര പാടശേഖരങ്ങൾക്ക് നടുവിലൂടെ തെക്കോട്ട് ഒഴുകുന്ന തോട് വെള്ളൂർത്തോട്ടിൽ സംഗമിക്കുന്നു. പണ്ടുകാലത്ത് ജലഗതാഗതത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി ഈ തോട് ഉപയോഗിച്ചിരുന്നു.

https://youtu.be/JjcVZBC2K9Y

പഴയ കാലത്ത് രാജസ്വം, ബ്രഹ്മസ്വം, ദേവസ്വം എന്നീ മൂന്നു വിധത്തിലായിരുന്നു ഭൂമിയുടെ വിതരണക്രമം. രാജസ്വം എന്നത് പണ്ടാരപ്പാട്ടനിലങ്ങളും ചേരിക്കൽ നിലങ്ങളുമായിരുന്നു. ബ്രഹ്മസ്വം എന്നത് നമ്പൂതിരിമാരായ ജന്മികൾ ഭൂദാനത്തിലൂടെ കൈവശപ്പെടുത്തിയതായിരിക്കും. മിക്കവാറും തേട്ടമായി ലഭിച്ചതുമുണ്ടായിരിക്കും. ദേവസ്വം ഭൂമി എന്നത് ഗ്രാമക്ഷേത്രത്തിൻ്റെ വകയായുള്ള ഭൂമിയായിരിക്കും. ക്ഷേത്രം രാജാധികാരത്തിലുള്ളതാണെങ്കിൽ ദേവസ്വം ഭൂമിയുടെ നിയന്ത്രണം രാജാവിനും ക്ഷേത്രം ബ്രാഹ്മണയോഗത്തിൻ്റെത് ആണെങ്കിൽ നിയന്ത്രണം ഊരാണ്മയ്ക്കും ആയിരിക്കും. ഭരണാധികാരികൾ പ്രത്യേക അവകാശങ്ങൾ നൽകിയവർക്കും പരമ്പരാഗതമായി അധികാരസ്ഥാനങ്ങൾ വഹിക്കുന്നവർക്കും സ്വന്തമായി ഭൂമി കൈവശം വയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ സാധാരണക്കാരാകട്ടെ മേൽപ്പറഞ്ഞ മൂന്നു തരത്തിലുമുള്ള ഭൂമിയിൽ കുടിപ്പാട്ടം എന്ന കരാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിച്ചു വന്നത്. കുടിപ്പാട്ടമായി ലഭിച്ച പ്രദേശത്ത് താമസിച്ച് കൃഷി ചെയ്ത് ഉണ്ടാക്കുന്ന വരുമാനത്തിൽ ഒരു പങ്ക് വർഷാവർഷം പാട്ടമായി നല്കാനുള്ള വ്യവസ്ഥയാണിത്. 

https://youtu.be/Vckhg6XnFuc

പുരാതനകാലത്ത് മണർകാട്, കുഴിപ്പുരയിടം എന്നീ പ്രദേശങ്ങളിലെ ഭൂമിയുടെ മേലുള്ള അധികാരം മണർകാട് ദേവസ്വത്തിനായിരുന്നു. വടവാതൂർ,നട്ടാശ്ശേരി പ്രദേശങ്ങളിലെ ഭൂമിയുടെ മേലുള്ള അധികാരം വിജയപുരം ക്ഷേത്രത്തിനുമായിരുന്നു. മണർകാട് ഭഗവതിക്ഷേത്രം പൂർണ്ണമായും തെക്കുംകൂർ രാജാധികാരത്തിന് വിധേയമായിരുന്നതിനാൽ മണർകാട് ദേശത്തെ കുടിയേറ്റങ്ങളെല്ലാം രാജ താൽപ്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നു.

https://youtu.be/3cZ7xJQejN8

തെക്കുംകൂർ രാജാക്കന്മാർ വെന്നിമല ആസ്ഥാനമായി ഭരിച്ചിരുന്ന കാലത്താണ് മണർകാട് ഭഗവതിക്ഷേത്രത്തിൻ്റെ അധികാരം രാജകുടുംബത്തിന് സിദ്ധിക്കുന്നത്. തെക്കുംകൂറിലെ റാണിമാർക്ക് കുളിച്ചു തൊഴാൻ കാവിനോട് ചേർന്നു ക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യങ്ങളിൽ കാണുന്നത്. ക്ഷേത്രത്തിൻ്റെ അധികാരപരിധിയിൽ വരുന്ന പ്രദേശത്ത് രാജാവ് തന്നെ വിവിധ കാലങ്ങളിലായി വിവിധ ജനവിഭാഗങ്ങളെ കുടിയിരുത്തി. കാർഷികരംഗത്തെ വളർച്ചയെ ലക്ഷ്യമാക്കി നസ്രാണികളെയാണ് കൂടുതലായും കൊണ്ടുവന്നു താമസിപ്പിച്ചത്. ഇതോടെ ഇഞ്ചി, കുരുമുളക്, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനം ഈ പ്രദേശത്ത് വർദ്ധിച്ചു വന്നു.

https://youtu.be/Vckhg6XnFuc

പതിനഞ്ചാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാക്കന്മാർ കോട്ടയത്ത് തളിയിൽക്കോട്ടയിലേക്ക് തലസ്ഥാനം മാറ്റിയതിനെ തുടർന്ന് തെക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെ പ്രവിശ്യാ ഭരണത്തിനായി മീനന്തറയാറിൻ്റെ തെക്കേക്കരയിലുള്ള വടവാതൂരിലെ ഇടത്തിൽ നിയമിച്ചു. കാലാകാലങ്ങളായി ഇതു തുടർന്നു. പാറമ്പുഴ, നട്ടാശ്ശേരി, മണർകാട്, വടവാതൂർ പ്രദേശങ്ങളുടെ ഭരണകാര്യങ്ങൾ വടവാതൂരിലെ ഇടത്തിൽ തമ്പുരാന്മാരാണ് കാലങ്ങളോളം നോക്കിനടത്തിയിരുന്നത്.

മണർകാട്ട് കാവിൽ ഭഗവതി ക്ഷേത്രം
..................................................................

ഗ്രാമദേവതാക്ഷേത്രമായ മണർകാട്ട് കാവിൽ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ പുറത്ത് കരിങ്കാളിയുടെ മേൽക്കൂരയില്ലാത്ത പ്രതിഷ്ഠയും ഇലമ്പിലാക്കാട്ട് യക്ഷിയും കള്ളിയങ്കാട്ട് യക്ഷിയുമുണ്ട്. ഈ കള്ളിയങ്കാട്ടു യക്ഷിയെ മാർത്താണ്ഡവർമ്മ രാജാവ് സൂര്യകാലടി ഭട്ടതിരിയെ കൊണ്ട് ആവാഹിപ്പിച്ച് കുടിയിരുത്തിയതാണ് എന്ന് ഐതിഹ്യം. മാർത്താണ്ഡവർമ്മയ്ക്ക് കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയുടെ അകമ്പടി സാന്നിധ്യം ഉണ്ടായിരുന്നുവത്രേ! തനിക്ക് പല അപായഘട്ടങ്ങളിലും ഈ അദൃശ്യ ശക്തി സഹായമായിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നു കഥ. പത്മനാഭപുരത്തിനടുത്ത് കള്ളിയങ്കാട്ട് നീലിയെ വേണാട്ടുരാജാവായിരുന്ന ആദിത്യവർമ്മ മന്ത്രവാദികളെ കൊണ്ട് ആവാഹിച്ച് കുടിയിരുത്തിയെങ്കിലും ഇരിപ്പുറച്ചില്ലത്രേ. ഈ ആദിത്യവർമ്മയും യക്ഷിയുമാണ് ഉണ്ണുനീലിസന്ദേശത്തിലെയും കഥാപാത്രങ്ങൾ! അപായകാലത്ത് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ പിടിച്ച് ഒരു കയത്തിലെറിഞ്ഞപ്പോൾ ഈ യക്ഷിയാണ് രക്ഷപ്പെടുത്തിയതെന്നും അന്നു മുതൽ ഇരുവരും സൗഹൃദത്തിലായെന്നും നാട്ടുകഥ. മണർകാട്ടുകാവിലെ ഭഗവതിയോടും ഇലമ്പിലാക്കാട്ട് യക്ഷിക്കുമൊപ്പം തനിക്കും ഇരിപ്പിടം വേണമെന്ന നീലിയുടെ ആവശ്യമാണ് മാർത്താണ്ഡവർമ്മ നിറവേറ്റിക്കൊടുത്തതത്രേ.

https://youtu.be/5_2u1UWxpvM

മണർകാട്ടുകാവിലെ പത്താമുദയ മഹോത്സവം കേൾവികേട്ടതാണ്. കുംഭകുടത്തിനൊപ്പം പതിനൊന്നു ഗരുഡൻ പ്രധാനമാണ്. ഗരുഡൻ്റ തൂക്കച്ചാടുകളിൽ ഒരു നസ്രാണിമാപ്പിള തൊട്ട് ശുദ്ധി വരുത്തിയാലേ ഗരുഡൻ തട്ടിൽ കയറൂ. മണർകാട്ടു ഭഗവതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. തന്ത്രം മൂലവട്ടത്തെ അയർക്കാട്ട് മനയുടെ വകയായിരുന്നു.1972 ൽ താന്ത്രികാവകാശം കുരുപ്പക്കാട്ട്, പെരിഞ്ചേരി മനകൾക്ക് വിട്ടുകൊടുത്തു. മുൻകാലത്ത് താന്നിയില്ലത്തു നമ്പൂതിരിമാരായിരുന്നു ശാന്തിക്കാരായിരുന്നത് എങ്കിൽ ആ ഇല്ലം അന്യം നിന്നതോടെ അതേ ഇല്ലപ്പേരുള്ള  ഇളയതുമാരാണ് ഇപ്പോൾ പൂജ കഴിക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി തൻ്റെ വിദ്യാഭ്യാസകാലത്ത് കണ്ണാമ്പടം മാളികയിൽ താമസിച്ച കാലത്ത് രചിച്ച  കൃതിയാണ് മണർകാട്ടു ഭരണി മഹോത്സവം വഞ്ചിപ്പാട്ട്..

"നെറ്റിക്കണ്ണനുണ്ടായ് വന്നോരൊറ്റക്കൊമ്പൻ ഭവാനെന്നെ 
ചുറ്റിയ്ക്കൊല്ലേ നിൻ ചേവടി പറ്റി കൂപ്പുന്നേൻ "

എന്ന ഗണപതി സ്തുതിയോടെയാണ് ഇനിയും പ്രസിദ്ധീകൃതമാകാത്ത ഈ കൃതി ആരംഭിക്കുന്നത്.

മണർകാട് മാർത്തമറിയം പള്ളി
-------------------------------------------------------

മണർകാട് പള്ളിയുടെ വാമൊഴിയായി കേട്ടുവരുന്ന നിരവധി ഐതിഹ്യകഥകളുണ്ട്.  ചരിത്രപരമായി ഏറെ യുക്തിപരമെന്ന് തോന്നിയ ഒരു വാമൊഴികഥ പലരിൽ നിന്നായി കേട്ടറിഞ്ഞ് വ്യക്തത വരുത്തി ഏകരൂപം കൈവരുത്തിയിട്ടുണ്ട്. അത് ചുവടെ പറയും വിധമാണ്:

പള്ളിയിരിക്കുന്ന സ്ഥലം പതിനാറാം നൂറ്റാണ്ടിൽ കല്ലക്കടമ്പിൽ എന്ന നസ്രാണി കുടുംബത്തിന്  കുടിപ്പാട്ടമായി ലഭിച്ചിരുന്നു. ഈ പുരയിടത്തിൻ്റെ വടക്കുഭാഗത്തായിരുന്നു മണർകാട്ടെ പ്രാധാന തോട്ടുകടവ്. കോട്ടയത്ത് നിന്ന് വരുന്ന തോണികൾ ഇവിടെയാണ് അടുത്തിരുന്നത്. ഒരിക്കൽ തെക്കുംകൂർ രാജാവ് തോണിയേറി മണർകാട്ടേയ്ക്ക് എത്തുമ്പോൾ തോണിക്കടവിൽ വച്ച് ഒരു പെൺകുട്ടിയെ കയറ്റി ഏതാനും നായൻമാർ കടവ് വിടാൻ തുടങ്ങുന്നതാണ് ശ്രദ്ധയിൽ പെട്ടത്. പെൺകുട്ടിയുടെ മുഖത്തെ ദൈന്യതയും രൂപപരമായ പ്രത്യേകകളും ശ്രദ്ധിച്ച രാജാവിന് സ്മാർത്തവിചാരത്തിനിരയായി "കളയാൻ കൊണ്ടു പോകുന്ന സാധനമാണ്" അതെന്നു മനസ്സിലായി. അക്കാലത്ത് അന്യപുരുഷബന്ധം ആരോപിക്കപ്പെട്ട് പടിയടച്ച് പിണ്ഡം വയ്ക്കപ്പെട്ട ബ്രാഹ്മണസ്ത്രീകളെ പീന്നീട് സാധനം എന്നേ പറഞ്ഞിരുന്നുള്ളൂ. ആ സ്ത്രീയെ ബ്രാന്മണസമൂഹത്തിൽ നിന്ന് പുറത്താക്കുന്നതിന് സാധനത്തിനെ കളയൽ എന്നും. ഈ കളയൽ എന്നാൽ ജോനകർക്കോ നസ്രാണികൾക്കോ അതല്ലയെങ്കിൽ കീഴ്ജാതിക്കാർക്കോ ദാസ്യത്തിനോ മറ്റെന്തിനു വേണ്ടിയുമോ വിട്ടുകൊടുക്കുക എന്നതായിരുന്നു.

https://youtu.be/5_2u1UWxpvM

ഇവിടെ തെക്കുംകൂർ രാജാവ് കണ്ട ബ്രാഹ്മണയുവതി മണർകാട് ദേവീക്ഷേത്രത്തിൽ ശാന്തികാര്യങ്ങൾ ചെയ്തിരുന്ന നമ്പൂതിരിമാരുടെതായ താന്നിയില്ലത്തെ (ഇന്നത്തെ താന്നിയില്ലം ശാന്തി ചെയ്യുന്ന ഇളയതുമാരുടേതാണ്) ഒരു സാധു പെൺകുട്ടിയായിരുന്നു. പുരുഷമേധാവിത്വം ഇല്ലങ്ങളിൽ കൊടികുത്തി വാണിരുന്ന അക്കാലത്ത് ഏതോ ചതിയിൽപ്പെട്ട് സ്മാർത്തവിചാരത്തിന് ഇരയാക്കപ്പെട്ടിരുന്ന നിരപരാധിയായിരുന്നു അവൾ. രാജാവ് ആ വിശദാംശങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയെങ്കിലും ബ്രാഹ്മണരുടെ വിധിയെ ചോദ്യം ചെയ്യാനുള്ള അവകാശം രാജാവിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ പെൺകുട്ടിയെ സുരക്ഷിതയായി പാർപ്പിക്കുന്നതിനുള്ള ഏർപ്പാട് ചെയ്യാൻ രാജാവ് തീരുമാനിച്ചു. അന്യജാതിക്കാർക്ക് വിട്ടുകൊടുക്കാമെന്ന നിലവിലുള്ള നിയമമൊന്നും രാജാവ് ലംഘിച്ചില്ല അതിൻപ്രകാരം രാജാവിന് ഏറെ പ്രിയങ്കരരും വിശ്വസ്തരുമായിരുന്ന കല്ലക്കടമ്പിൽ അവിരാ പോത്തനെയും ഭാര്യ മറിയത്തെയും വിളിച്ചുവരുത്തി തങ്ങൾ കുട്ടിപ്പാർക്കുന്നതിനോട് ചേർന്നു തന്നെ ഒരു പുര കെട്ടിച്ച് പെൺകുട്ടിയെ പാർപ്പിക്കാനും അവളുടെ സംരക്ഷണം ഏറ്റെടുക്കാനും കല്പിച്ചു. ആ വീട്ടുകാർ സന്തോഷത്തോടെ പെൺകുട്ടിയെ ഏറ്റെടുത്ത് സ്വന്തം കുടുംബാം ഗത്തെയെന്ന പോലെ സംരക്ഷിച്ചുവന്നു.

ഭ്രഷ്ടായതിനാൽ ക്ഷേത്രാരാധനയും പുറംസമ്പർക്കങ്ങളും വിലക്കപ്പെട്ടതു മൂലം തൻ്റെ പുരയുടെ മുന്നിൽ ഒരു തറ കെട്ടി അവിടെ ഒരു ശില വച്ച് വിളക്കുതെളിച്ച് മണർകാട്ടുഭഗവതിയെ ആരാധിക്കുന്ന പതിവ്  അന്തർജനത്തിനുണ്ടായിരുന്നു. സ്മാർത്തവിചാരത്തിന് വിധേയരാക്കപ്പെടുന്ന സ്ത്രീകൾക്ക് മിക്കവാറും അല്പായുസ്സാണ് ഉണ്ടാവാറുള്ളത് എന്നതു പോലെ തന്നെ ഈ അന്തർജനവും അകലത്തിൽ ചരമഗതിയെ പ്രാപിച്ചു. മരിക്കും മുമ്പ് തന്നെ കാത്തു പരിപാലിച്ച കല്ലക്കടമ്പിൽ അവിരാ പോത്തനെയും മറിയത്തെയും അടുത്തുവിളിച്ച് താൻ ആരാധിക്കുന്ന തറയിൽ  വിളക്കുതെളിക്കുന്ന ഏർപ്പാട് നിർത്തരുതെന്നും അവരുടെ മതവിശ്വാസരീതിയിൽ ആരാധന നടത്തണമെന്നും  പറഞ്ഞേൽപ്പിച്ചു.

https://youtu.be/gP71-9mU0mU

അന്തർജ്ജനത്തിൻ്റെ മരണശേഷം കല്ലക്കടമ്പിൽകാർ മർത്തമറിയമായ മാതാവിനെ സങ്കല്പിച്ച് ഇവിടെ വിളക്കു തെളിച്ച് ആരാധന തുടർന്നു. അക്കാലത്ത് മണർകാട് പ്രദേശത്ത് നസ്രാണികൾ കുടിയേറി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാരുടെ എണ്ണം വർദ്ധിച്ചതോടെ ഒരു പള്ളി അവർക്ക് ആവശ്യമായി വന്നു. അക്കാലത്ത് വള്ളം പിടിച്ച് കോട്ടയത്തെത്തി ചെറിയപള്ളിയിലാണ് അക്കൂട്ടർ ആരാധനകളിൽ പങ്കെടുത്തിരുന്നത്. അവർ തെക്കുംകൂർ രാജാവിനെ കണ്ട് ഇപ്പോൾ വിളക്കുവച്ച് പ്രാർത്ഥിക്കുന്ന സ്ഥലത്ത് പള്ളി വയ്ക്കുന്നതിനായി അനുമതി ചോദിച്ചു. രാജാവ് അനുമതിയും നൽകി. 

https://youtube.com/playlist?list=PLfmbHZGf996FVdohh7fEgzsdab6LSmQEg

രാജാവ് പ്രവിശ്യാഭരണം നടത്തുന്ന ഇടത്തിൽ തമ്പുരാനോടും കാവിൻ്റെ അധികാരമുള്ള നായൻമാരോടും പള്ളിക്കായി സ്ഥലം വിട്ടുകൊടുക്കാൻ കല്പന നൽകി. എന്നാൽ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടു ചേരിയുണ്ടായി. രാജകല്പന ലംഘിക്കും വിധം കലശലായി ശണ്ഠ മൂത്തു. ഇതേതുടർന്ന് ഈ പറമ്പാകെ വേലി കെട്ടി അടച്ചിട്ട് കല്ലക്കടമ്പിൽക്കാർ ഒഴികെ മറ്റാരും ഇതിനുള്ളിൽ പ്രവേശിച്ചുപോകരുത് എന്ന് രാജാവിൻ്റെ  കല്പനയുണ്ടായി.

തറയിൽ വിളക്കുവയ്പ്പ് തുടർന്നെങ്കിലും കൂട്ടായ പ്രാർത്ഥനയില്ലാതെ മാസങ്ങൾ അങ്ങനെ കഴിഞ്ഞു. ആ വർഷത്തെ പത്താമുദയത്തിന് പ്രഭാതത്തിൽ തെക്കുംകൂർ തമ്പുരാൻ കാവിൽ തൊഴാനെത്തിയപ്പോൾ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ഇപ്രകാരം അരുളപ്പാടായി: ""എൻ്റെ പടിഞ്ഞാറേക്കാവിലെ വിളക്കുവയ്പ്പ് മുടങ്ങി. അവിടെ പള്ളി വച്ച് കുടിയിരിപ്പാൻ ഇടം വേണം" എന്നു ആവശ്യപ്പെട്ടു. ആറു "കമ്പളവ്" സ്ഥലം തന്നിരിക്കുന്നു എന്ന് രാജാവ് സമ്മതിച്ചു. "എൻ്റെയും പരിവാരങ്ങളുടെയും കാര്യങ്ങൾക്ക് അതൊട്ടും പോര " എന്ന് വീണ്ടും അറിയിച്ചപ്പോൾ അറുപത്തൊന്ന് കമ്പളവ് സ്ഥലം വിട്ടുതരാമെന്ന് അറിയിച്ചു. അതോടെ വെളിച്ചപ്പാട് ശാന്തനായി. ഇലമ്പിലാക്കാട്ട് പണിക്കരായിരുന്നു അക്കാലത്തെ വെളിച്ചപ്പാട്.

എതിരഭിപ്രായക്കാർ നിലപാട് മാറ്റിയില്ല. കല്ലക്കടമ്പിൽ മാപ്പിള ഇലമ്പിലാക്കാട്ട് പണിക്കരെ കള്ളു കൊടുത്ത് വശത്താക്കിയാണ് കാര്യം സാധിച്ചത് എന്നവർ വാദിച്ചു. എങ്കിലും ഭഗവതിയുടെ അഭീഷ്ടം പള്ളി പണിയണമെന്നാതാണെന്ന് മറ്റുള്ളവർക്കൊക്കെ ബോധ്യപ്പെട്ടതോടെ പള്ളി പണിത് ആരാധന തുടരുന്നതിന്  രാജാവ്  നസ്രാണികൾക്ക് അനുമതി നൽകി. AD 1581നോടടുത്താണ് ഈ സംഭവം. കല്ലക്കടമ്പിലായ വാഴക്കാലാ അവിരാ പോത്തനും മറിയവും ആധാരക്കാരായി കഴിഞ്ഞ നൂറ്റാണ്ടുവരെയും തുടർന്ന കുടിപ്പാട്ട ആധാരത്തിൽ കൊല്ലവർഷം 1097 ൽ പുതുക്കിയ പാട്ട പ്രകാരം പള്ളിയിൽ ജന്മിക്കരം കൂടാതെ വടക്കേനട ഗുരുതിക്ക് ഒരു പാട്ട എണ്ണയും ഒരു കിഴിപ്പണവും നടയ്ക്കു വയ്ക്കണമെന്ന് എഴുതിച്ചേർത്തിരിക്കുന്നു. (പള്ളി മാർത്തോമാ പക്ഷത്തിൻ്റെ കയ്യിലായ കാലത്താണ് അതു നിലച്ചുപോയത് എന്നും അറിയുന്നു.) പിൽക്കാലത്ത് പുതുക്കിയ ഒരു പാട്ട ആധാരത്തിൽ ആധാരക്കാരനായി മണർകാട്ടുപള്ളി എന്നാണ് കാണു രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടിലും ഈ സ്ഥലം പള്ളിക്ക് തീറായി എഴുതിയിരിക്കുന്നു.


1967 ലെ ഭൂപരിഷ്കരണനിയമത്തെ തുടർന്ന് മണർകാട്, കുഴിപ്പുരയിടം കരകളിൽ കുടിപ്പാട്ടമായി കൈവശാവകാശമുള്ള ആധാരക്കാർക്കെല്ലാം ജന്മിക്കരത്തിൻ്റെ എട്ടും മൂന്നിലൊന്ന് ഇരട്ടി തുക 16 തവണകളായി കോമ്പൻസേഷനായി അടച്ച് ഭൂമി പൂർണ്ണമായി കൈവശപ്പെടുത്തുന്നതിന് ഏർപ്പാടായി. 30 രൂപ 75 പൈസയാണ് പള്ളിക്ക് കോമ്പൻസേഷനായി അടച്ചു തീർക്കേണ്ടി വന്നത്.

വിഘടിച്ചു നിന്ന നായൻമാർ പ്രതിഷേധ മറിയിച്ച് മണർകാട്ടുകര വിട്ട് തിരുവഞ്ചൂരിലേക്ക് താമസം മാറ്റി. വെളിച്ചപ്പാട് ഒരിക്കൽ അവിടെ ഓടിയെത്തി തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തെ ആലിൽ നാന്ദക കൊണ്ടു കൊത്തിയിട്ട് ഈ സ്ഥാനത്ത് എന്നെ സങ്കല്പിച്ച് നിങ്ങൾ ആരാധിച്ചു കൊള്ളുക എന്ന് അരുളിച്ചെയ്തു. അങ്ങനെയാണ് തിരുവഞ്ചൂരിലും കാവിൽ ഭഗവതിക്ഷേത്രം സ്ഥാപിക്കപ്പെടുന്നതെന്ന് വാമൊഴി.

https://youtu.be/xc_o1LRqAH0

 മണർകാട്ടുപള്ളിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നുപൊതുവേ പറയുന്നതിൻ്റെ പ്രധാന കാരണം ഈ വാമൊഴിചരിത്രമായിരിക്കാം. പള്ളി സ്ഥാപിക്കുന്നതിന് തീരുമാനിച്ചപ്പോൾ സുറിയാനി സഭയിലെ കത്തനാരന്മാർ മഹാമാന്ത്രികരും തന്ത്രജ്ഞരുമായ  സൂര്യകാലടി ഭട്ടതിരിമാരെ വരുത്തി അന്തർജനം വച്ചു പൂജിച്ചിരുന്ന ശിലയെ   ഒഴിപ്പിച്ചു മാറ്റിയതിനു ശേഷമാണത്രേ പള്ളി പണിയാൻ തുടങ്ങിയത്. ആവാഹിച്ചെടുത്ത ആ ചൈതന്യം എവിടേയ്ക്കാണ് മാറ്റിയത് എന്നതിന് ലക്ഷ്യങ്ങളില്ല. 

മണർകാട്ടുപള്ളിയിൽ കന്യാമർയാമിൻ്റെ യും ഉണ്ണിയീശോയുടെയും ബിംബമാണ് ആദ്യകാലത്ത് ആരാധിച്ചിരുന്നതെന്നും പിന്നീടതു മാറ്റിയ ശേഷമാണ് വരച്ച ചിത്രം മദ്ബഹയിൽ സ്ഥാപിക്കപ്പെട്ടതെന്നും അറിയാൻ കഴിയുന്നു.  പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ജലമാർഗ്ഗം പള്ളിയുടെ വടക്കേകടവിൽ എത്തിച്ചേരും വിധം തോട് പിന്നീടും നിലനിന്നിരുന്നു.

https://youtu.be/T69FRs6-f8U

പള്ളി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൂടുതലായി പ്രചരിക്കപ്പെട്ട മറ്റൊരു ഐതിഹ്യകഥ ഇതാണ്. മണർകാട്ട് പ്രദേശത്ത് പള്ളി സ്ഥാപിക്കുന്നതിനായി ആഗ്രഹിച്ച ക്രൈസ്തവർ പ്രാർത്ഥനാനിരതരായി എട്ടു ദിവസം ഉപവാസമിരുന്നു. എട്ടാം ദിവസം ഒരു കുറ്റിക്കാട്ടിൽ ഒരു വെളുത്ത പശുവിനെയും അതിൻ്റെ കിടാവിനെയും അവർ ദർശിച്ചു. അത് സൂചനയായി കണക്കാക്കിയ അവർ രാജാവിൻ്റെ അനുവാദത്തോടെ പള്ളി പണിതു എന്നാണ് ആ ഐതിഹ്യം. ചരിത്രസത്യം ഈ കഥകളിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്നു.
#manarcad
#manarcattamma
#manarcad_church
#vijayapuram
#vijayapurathappan
#Manarcadu
#manarcad_gramapanchayath
#thiruvanchoor
#vennimala
#vadavathoor
#areeparambu
#thanniyillam
#amayanoor

*പാമ്പാടിക്കാരൻ ന്യൂസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ചുവടെ ഉള്ള ലിങ്കിൽ ടച്ച് ചെയ്ത് Join ചെയ്യൂ* ..

https://chat.whatsapp.com/FaYuNVwIZOMKWGjk8kMWrC
NB : ലിങ്കിൽ കയറി Join ചെയ്യാൻ സാധിക്കാത്തവർ 944760 1914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയച്ചാൽ ഗ്രൂപ്പുകളിൽ ഞങ്ങൾ താങ്കളെ ആഡ് ചെയ്യുന്നതായിരിക്കും 
Previous Post Next Post