ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകൾ ഇന്ന് ഹാജരാക്കും; ഹൈക്കോടതി നിലപാട് നിർണായകം




കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും മറ്റുപ്രതികളോടും ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. 

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, സഹോദരീഭർത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു. 

മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും

ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും 
ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.കോടതിക്ക് കൈമാറുന്ന ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോൺ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ ഉന്നയിക്കും.


Previous Post Next Post