സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.








തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് രണ്ടുവര്‍ഷമാകുമെന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വാക്കുകള്‍.

കോവിഡ് മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ വകഭേദമാണ് പടരുന്നത്. 

രോഗം ബാധിച്ച ഒട്ടുമിക്ക ആളുകളിലും ഒമൈക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവില്‍ വ്യാപനതോത് കുറഞ്ഞിട്ടുണ്ട്. 

അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ വ്യാപനത്തിന്റെ വളര്‍ച്ചാനിരക്ക് 200 ശതമാനം കടന്നും മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ 58 ശതമാനത്തിലാണ്. വരും ദിവസങ്ങളില്‍ വ്യാപനം കുറയുമെന്നാണ് വിലയിരുത്തല്‍. 

നിലവില്‍  തിരുവനന്തപുരത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങി.

എറണാകുളത്തും ഒരാഴ്ച കൊണ്ട് കോവിഡ് കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷ. മറ്റു ജില്ലകളിലും കോവിഡ് കേസുകള്‍ പീക്കില്‍ എത്തിയിട്ട് കുറയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 

നിലവില്‍ മരണസംഖ്യ വര്‍ധിക്കാത്തതും ഗുരുതരമാകുന്ന കേസുകള്‍ കുറഞ്ഞുതന്നെ നില്‍ക്കുന്നതും ആശ്വാസം നല്‍കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

Previous Post Next Post