ആലപ്പുഴ പൂച്ചാക്കലിൽ വൻ മയക്കുമരുന്ന് വേട്ട; 140 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ







ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനു( MDMA)മായി എറണാകുളം സ്വദേശി പൂച്ചാക്കൽ പോലീസിന്റെയും ജില്ലാ ഡാൻസാഫിന്റെയും പിടിയിൽ. 140 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. ജില്ലയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്.

എറണാകുളം തമ്മനം മുല്ലോത്ത് ലിജു (44) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർത്തല ഡി വൈ എസ് പി വിജയന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

കർണ്ണാടകയിൽ നിന്നും ബസിൽ ചേർത്തലയിൽ എത്തി പൂച്ചാക്കലിൽ ചെറുകിട വിൽപനയ്ക്കായി കൊണ്ടുവരുന്ന വഴി മണപ്പുറം ജംഗ്ഷനിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി എറണാകുളത്തും ആലപ്പുഴയിലും ഗ്രാമിന് 2000 രൂപ മുതൽ 5000 രൂപ വരെ വില പറഞ്ഞുറപ്പിച്ച് വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. 

മാസത്തിൽ രണ്ടും മൂന്നും തവണ ബാംഗ്ലൂരിൽ പോയി എം ഡി എം എ നാട്ടിലെത്തിച്ച് വിൽപന നടത്തിവരികയായിരുന്നു . കഴിഞ്ഞദിവസം എം ഡി എം എയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ട നടത്തുന്നതിന് പോലീസിന് സഹായകമായത് . കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ ആന്റി നർക്കോട്ടിക് സംഘം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

Previous Post Next Post