40നില കെട്ടിടം ഇടിച്ചുനിരത്തണം; അനധികൃത നിര്‍മ്മാണം രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്





നോയിഡയിലെ ഇരട്ട 40നില കെട്ടിടം, ഫയല്‍
 

ന്യൂഡല്‍ഹി: നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ ഇരട്ട 40നില കെട്ടിടം തകര്‍ക്കുന്നത് രണ്ടാഴ്ചക്കകം ആരംഭിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക് നിര്‍മ്മിച്ച കെട്ടിടം തകര്‍ക്കുന്നതിന്റെ ഭാഗമായി 72 മണിക്കൂറിനകം ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജനുവരി 17 ന്, നോയിഡ അതോറിറ്റി തയ്യാറാക്കിയ പൊളിക്കല്‍ ഏജന്‍സിക്കുള്ള നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പൊളിക്കല്‍ ഏജന്‍സിയായ ''എഡിഫിസുമായി'' ഒരാഴ്ചയ്ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍ടെക്കിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 

ഫെബ്രുവരി 28നകം എമറാള്‍ഡ് കോര്‍ട്ട് പ്രോജക്റ്റില്‍ ഫ്ളാറ്റുകള്‍ ബുക്ക് ചെയ്ത എല്ലാ വീട്ടുകാര്‍ക്കും പലിശ സഹിതം പണം തിരികെ നല്‍കാനും കോടതി സൂപ്പര്‍ടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യ ഹര്‍ജികളുമായി വീട്ടുകാര്‍ കോടതിയില്‍ വരാനുള്ള സാഹചര്യം വരുത്തരുതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല ത്രിവേദി എന്നിവരുടെ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.

നിയമവിരുദ്ധമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റിലാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. വീട് വാങ്ങിയവരുടെ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. 


Previous Post Next Post