അബൂദബിയില്‍ 8,500 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിസാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയത്

അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ പുരാവസ്തു ഗവേഷകര്‍ യു എ ഇയില്‍ 8,500 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുമ്പ് കണ്ടെത്തിയതിനേക്കാള്‍ 500 വര്‍ഷം മുമ്പുള്ളതാണ് ഇവ. യു എ ഇയുടെ ശ്രദ്ധേയമായ പൗരാണിക ചരിത്രം വെളിപ്പെടുത്തുന്ന ശിലാഘടനകള്‍ നഗരത്തിന് പടിഞ്ഞാറുള്ള ഗാഘ ദ്വീപിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ വിശകലനം നടത്തിവരികയാണ്. മറാവ ദ്വീപില്‍ ആയിരുന്നു ഇതിനു മുമ്പ് കണ്ടെത്തിയ നിര്‍മിതികള്‍.
നിയോലിത്തിക്ക് കാലഘട്ടത്തില്‍ വികസിപ്പിച്ച ദീര്‍ഘദൂര സമുദ്ര വ്യാപാര പാതയിലൂടെ ജനങ്ങള്‍ യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മുമ്പത്തെ കണ്ടെത്തലുകള്‍. എന്നാല്‍, വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് നിയോലിത്തിക്ക് വാസസ്ഥലങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതാണ് പുതുതായി കണ്ടെത്തിയ അവശിഷ്ടങ്ങള്‍. വരണ്ടതും ജീവിത സാഹചര്യം ഒരുക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുള്ളതും ഫലഭൂയിഷ്ഠവുമായ തീരം ആയിരുന്നു ഇതെന്നുകൂടി ഘനനം ചെയ്‌തെടുത്ത അവശിഷ്ടങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. 8,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഇവിടെ താമസിക്കുകയും വീടുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നതായി പുരാവസ്തു കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി ഡി സി ടി അബൂദബി ചെയര്‍മാന്‍ എച്ച് ഇ മുഹമ്മദ് അല്‍ മുബാറക് പറഞ്ഞു. ഗാഘ ദ്വീപിലെ കണ്ടെത്തലുകള്‍ യു എ ഇ ജനതക്ക് കടല്‍ വഴിയുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ശക്തമായ നിദര്‍ശനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post