സുഖമില്ലെന്ന് സ്വപ്ന; ഇഡി ഓഫീസിലെത്തി, ചോദ്യം ചെയ്യാതെ മടങ്ങി



 
കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് രാവിലെ അഭിഭാഷകനെ കണ്ട ശേഷമാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്. 

ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയ സ്വപ്ന സുരേഷ്, ചോദ്യം ചെയ്യലിന് രണ്ടു ദിവസം കൂടി സാവകാശം ചോദിച്ചു. ഇതനുവദിച്ചതിനെ തുടർന്ന് സ്വപ്ന ഇഡി ഓഫീസിൽ നിന്നും മടങ്ങി. രണ്ടുദിവസത്തിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന സൂചിപ്പിച്ചു. 

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഫെബ്രുവരി 9ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലിൽ അറിയിക്കുകയായിരുന്നു.

കേസന്വേഷണം അട്ടിമറിക്കാനും ഇഡിയെ സംശയത്തിന്റെ നിഴലിൽ നിർത്താനും ലക്ഷ്യമിട്ടു തയാറാക്കിയ സ്വപ്നയുടെ ശബ്ദസന്ദേശത്തിനു പിന്നിൽ കേസിലെ പ്രതിയും മുതിർന്ന ഐഎഎസ് ഓഫീസറുമായ എം ശിവശങ്കറാണെന്ന് അടുത്തിടെ സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 

മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതു വരെ ബെംഗളൂരുവിൽ ഒളിവിൽ താമസിക്കാൻ നിർദേശിച്ചതും ശിവശങ്കറാണ്. കേസന്വേഷണം എൻഐഎക്കു കൈമാറാനുള്ള ചരടുവലി നടത്തിയതു ശിവശങ്കറാണെന്ന് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് അറിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
Previous Post Next Post