സൗദിയിൽ ഭാര്യയുടെ ജോലി പോയി, സന്ദർശന വിസയിലെത്തിയ ഭര്‍ത്താവിന് വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല




ന്യൂസ് ബ്യൂറോ കുവൈറ്റ് 

റിയാദ്: സൗദിയിൽ നഴ്സായ ഭാര്യയുടെ ജോലി പോയി, അതറിയാതെ സന്ദർശന വിസയിൽ എത്തിയ ഭർത്താവിന് വിമാനത്താവളത്തിന് പുറത്തിറങ്ങാനായില്ല. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. കോട്ടം സ്വദേശിനിയായ നഴ്സിനും ഭർത്താവിനുമാണ് ദുരനുഭവം.
ഭാര്യയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചതാണ്, അവരുടെ സ്പോൺസർഷിപ്പിലുള്ള സന്ദര്‍ശന വിസയിലെത്തിയ ഭര്‍ത്താവിന് വിമാനത്താവളത്തില്‍ ഇറങ്ങാൻ തടസമായത്. നജ്‌റാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ് ദുബൈയില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവിന് സൗദിയിലേക്ക് സന്ദര്‍ശന വിസ അയച്ചുകൊടുത്തിരുന്നു.

വിസ സ്റ്റാമ്പ് ചെയ്ത് ഭര്‍ത്താവ് സൗദിയിലേക്ക് പുറപ്പെട്ടപ്പോഴേക്കും നഴ്‌സിന് കരാർ കാലാവധി അവസാനിച്ച് കമ്പനി ഫൈനല്‍ എക്‌സിറ്റ് നല്‍കി. ഇതറിയാതെയാണ് ഇവരുടെ ഭര്‍ത്താവ് റിയാദ് വിമാനത്താവളത്തിലെത്തിയത്. സന്ദര്‍ശക വിസ ഭാര്യയുടെ ഇഖാമ നമ്പറിലുള്ളതായതിനാല്‍ ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കുകയോ തിരിച്ചുപോവുകയോ ചെയ്യണമെന്നും എയർപോർട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഇവര്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു. ഭര്‍ത്താവിനും സുഹൃത്തിനും ആവശ്യമായ നിയമവശങ്ങള്‍ സിദ്ദിഖ് പറഞ്ഞു കൊടുത്തു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആശുപത്രി ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കി.

തുടര്‍ന്നാണ് പുറത്തിറങ്ങാനായത്. നാലു ദിവസം സൗദിയിൽ തങ്ങിയ ശേഷം ഭര്‍ത്താവ് തിരിച്ചുപോയി. പിന്നീടാണ് ഭാര്യക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചത്. ഫൈനല്‍ എക്‌സിറ്റ് അടിച്ചവരുടെ പേരിലെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് സൗദി വ്യവസ്ഥ.
ഫൈനല്‍ എക്‌സിറ്റടിച്ച് 60 ദിവസം സൗദിയില്‍ തങ്ങാമെങ്കിലും സന്ദര്‍ശക വിസയില്‍ മറ്റൊരാളെ കൊണ്ടുവരാനുള്ള ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല ആരെങ്കിലും സന്ദര്‍ശക വിസയില്‍ സൗദിയിലുണ്ടെങ്കില്‍ അവര്‍ തിരിച്ചുപോകാനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫൈനല്‍ എക്‌സിറ്റ് അടിക്കാനുമാവുകയുള്ളൂ.
Previous Post Next Post