റെയ്ഡിൽ കണ്ടെത്തിയത് നിരവധി യുവതികളെ; ആലുവയിൽ മനുഷ്യക്കടത്തെന്ന് സംശയം





ആലുവയിൽ ഇരുപതോളം ലോഡ്ജുകളിൽ പൊലീസ് പരിശോധന. വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുകയായിരുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ഒട്ടേറെ യുവതികളെ പരിശോധനയിൽ കണ്ടെത്തി. ഇവരെ ദ്വിഭാഷി മുഖേന ചോദ്യം ചെയ്തെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചു സൂചന ലഭിച്ചില്ല. ‘ബഡാ സാബ്’ ആണു തങ്ങളെ കൊണ്ടുപോകുന്നതെന്നാണു യുവതികൾ പൊലീസിനോടു പറഞ്ഞത്. മറ്റൊന്നും അവർക്ക് അറിയില്ല. പാസ്പോർട്ടും പണവും ഇവർ മനുഷ്യക്കടത്തു സംഘത്തിനു നേരത്തേ കൈമാറിയിരുന്നു.ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നു ട്രെയിനിലാണു യുവതികൾ ആലുവയിൽ വന്നത്. ഇവരെ പിന്നീട് ഇടനിലക്കാർ ആലുവ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചു.
ബഡാ സാബ് എന്നു പറയുന്നയാൾ അവിടെ നേരിട്ടെത്തിയാണു പാസ്പോർട്ടും പണവും കൈപ്പറ്റിയതെന്നു പറയുന്നു. ലോഡ്ജുകളിൽ താമസിക്കുന്ന യുവതികൾ പകൽ പുറത്തിറങ്ങാറില്ല. 30നും 40നും ഇടയ്ക്കു പ്രായമുള്ളവരാണ് എല്ലാവരും. എന്തു ജോലിക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നു വ്യക്തമല്ല. യുവതികൾക്കും അതറിയില്ല.വിമാനത്തിലാണോ ബോട്ടിലാണോ വിദേശത്തേക്കു കടത്തുന്നതെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ വിവരമില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരുന്നു. 
ആലുവ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് തുടങ്ങിയിട്ടു മാസങ്ങളായി എന്നാണു സൂചന. രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിട്ടു 2 ദിവസമേ ആയുള്ളൂ. തുടർന്നാണു റൂറൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്. ലോഡ്ജുകളും അവിടെ വന്നുപോകുന്നവരും നിരീക്ഷണത്തിലാണ്. 4 വർഷം മുൻപു മനുഷ്യക്കടത്തിനായി തമ്പടിച്ച ശ്രീലങ്കക്കാരെ ആലുവയിലെ ലോഡ്ജിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.
Previous Post Next Post