കുതിരവട്ടത്തു നിന്നും വീണ്ടും ചാട്ടം, , നരിക്കുനിയിൽ നിന്ന് കണ്ടെത്തി







കോഴിക്കോട് :  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരു അന്തേവാസി കൂടെ ചാടിപ്പോയി. കുന്ദമം​ഗലം സ്വദേശിയാണ് ഇന്ന് ചാടിപ്പോയത്, ഇയാളെ പിന്നീട് നരിക്കുനിയില്‍ നിന്നും കണ്ടെത്തി.

 കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ചാമത്തെ ആളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോവുന്നത്. നിരന്തരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ട് ദിവസം മുമ്പ് ഇവിടെ ചികിത്സയിലുള്ള 17 വയസ്സുകാരിയാണ് ചാടിപ്പോയിരുന്നത്. അതിനു തൊട്ട് മുമ്പുള്ള ദിവസം മറ്റൊരു അന്തേവാസിയായ യുവാവ് ബാത്ത്റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച്‌ ചാടിപ്പോയി. ഈ യുവാവിനെ പിന്നീട് ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ടെത്തി.

 അതിനു മുമ്പ്  മലപ്പുറം സ്വദേശിനിയും നാടക്കാവ് സ്വദേശിനിയും ഇവിടെ നിന്നും ചാടിപ്പോയിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോവാന്‍ പല വഴികളാണ് ഇവിടെ ചികിത്സയിലുള്ള അന്തേവാസികള്‍ കാണുന്നത്. ഈ മാസം 10 ന് കുളിമുറിയോട് ചേര്‍ന്ന പഴയ ഭിത്തി തുരന്നാണ് മലപ്പുറം സ്വദേശിനിയും നാടക്കാവ് സ്വദേശിനിയും ചാടിപ്പോയത്. ഭിത്തി വെള്ളമൊഴിച്ച്‌ കുതിര്‍ത്ത ശേഷം പ്ലേറ്റ് കൊണ്ട് തുരന്നാണ് ഇവര്‍ പുറത്തു കടന്നത്. ഇരുവരെയും പിന്നീട് കണ്ടെത്തി. ചാടിപ്പോയ 21 കാരനാവട്ടെ കുളിമുറിയിലെ വെന്റിലേറ്റര്‍ തകര്‍ത്താണ് രക്ഷപ്പെട്ടത്. യുവാവിനെ പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് കണ്ടെത്തി. പിന്നാലെയാണ് 17 വയസുകാരി മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെ ഓട് പൊളിച്ച്‌ പുറത്തു ചാടിയത്.

നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികൾ  469 ഉം. കേന്ദ്രത്തിന്റെ മുന്‍ ഗെയ്റ്റിലും പിന്നിലുമായി കാവല്‍ നില്‍ക്കാനുള്ള ജീവനക്കാര്‍ പോലും നിലവില്‍ ഇവിടെയില്ല. മാനസിക പ്രശ്‌നമുള്ള അന്തേവാസികള്‍ തമ്മില്‍ സംഘര്‍മുണ്ടായാലോ അക്രമാസക്തി കാണിച്ചാലോ വിരണിലെണ്ണാവുന്ന ജീവനക്കാര്‍ക്ക് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.



Previous Post Next Post