ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം കേസിലെ പ്രതി ബാദുഷ അറസ്റ്റിൽ







കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  കാരാപ്പുഴ  പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ വിട്ടിൽ ഷാഹുൽ ഹമീദ് മകൻ ബാദുഷ (24)യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗുണ്ടാ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകുകയായിരുന്നു. തിരുവാതുക്കൽ സ്വദേശികളായ ശ്രീക്കുട്ടൻ, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോഡ്രൈവർമാർ പൊലീസിന് മൊഴി നൽകിയിരുന്നു.

 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ പോയ ആക്രമി സംഘം അസഭ്യം വിളിച്ച ശേഷം കടന്നു പോകുകയായിരുന്നു. ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ വിളിച്ച് ചോദിച്ചതോടെ അക്രമി സംഘം ബൈക്ക് തിരിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി. തുടർന്ന്, ഓട്ടോറിക്ഷയ്ക്കു സമീപത്ത് എത്തി ഓട്ടോ ഡ്രൈവർമാരെ വെല്ലുവിളിച്ചു.

ഇതോടെ ഓട്ടോ ഡ്രൈവർമാരായ ബിൻഷാദും രാജുവും മുന്നോട്ട് എത്തി. ഇതോടെ ഇരുവർക്കും നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. ഓട്ടോ ഡ്രൈവർമാർ പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. ഇതിനു ശേഷം പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവർമാരെയും മറ്റ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Previous Post Next Post