വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി; അധ്യാപകരെ പൂട്ടിയിട്ട് വിദ്യാര്‍ഥികളുടെ സമരം, ഒടുവിൽ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീനിനെ സസ്‌പെന്‍ഡ് ചെയ്തു

ഡീനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അധ്യാപകരെ പൂട്ടിയിട്ട് വിദ്യാര്‍ഥികളുടെ സമരം
 

തൃശൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല വിസിയുടേത് ആണ് നടപടി. അറസ്റ്റ് ചെയ്യും വരെ സമരം പ്രഖ്യാപിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ പൂട്ടിയിട്ട് സമരം നടത്തി.

വിദ്യാര്‍ഥികളുമായി പൊലീസ് ചര്‍ച്ച നടത്തിയ ശേഷമാണ് വിദ്യാര്‍ഥികള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായത്. വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. 

 പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ്‌ കേസ് എടുത്തെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. 

ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്ന് വിദ്യാര്‍ഥിനി പറയുന്നു. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയുണ്ടാകും വരെ സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.


Previous Post Next Post