മദ്യം ചതിച്ചാശാനെ ചതിച്ചു ! ..മദ്യപാനത്തിനിടെ മനസ്സുതുറക്കൽ; ഇടുക്കിയിൽ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചവർ ഒരു വർഷത്തിനുശേഷം പോലീസ് പിടിയിൽ.


 ഇടുക്കി പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച കേസിലാണ്  രണ്ടുപേര്‍ പൊലീസ് പിടിയിലായത്. അന്യാര്‍തൊളു ആനിവേലില്‍ ശശി, കല്‍ത്തൊട്ടി കാനാട്ട് റെജി ജോസഫ് എന്നിവരാണ് പിടിയിലായത്. പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്ത്രതിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിച്ചത്.കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തിനോട് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു. വിറ്റാൽ 50,000 രൂപ കിട്ടുമെന്നും സുഹൃത്തായ റെജിയുടെ പക്കല്‍ വിഗ്രഹമുണ്ടെന്നും ശശി വ്യക്തമാക്കിയതോടെ സുഹൃത്ത് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ക്ഷേത്രം ഭാരവാഹികള്‍ ശശിയെ കമ്പംമേട്ട്  പൊലീസ് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച വിഗ്രഹം റെജിയെ ഏല്‍പ്പിച്ചതായി പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ പരിശോധനത്തിൽ റെജിയുടെ വീട്ടിലെ കിടപ്പുമുറിയില്‍നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയിൽ   വിഗ്രഹം  കണ്ടെത്തുകയായിരുന്നു.

2021 ജനവരി 12നാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ മുകളിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിനൽകിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല.18,000 രൂപയോളം വിലവരുന്ന വിഗ്രഹമാണ് പ്രതികൾ  മോഷ്ടിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.
Previous Post Next Post