പത്ത് ടൺ റേഷനരി പിടികൂടി; സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ







കോഴിക്കോട് : വലിയങ്ങാടിയില്‍ പത്ത് ടൺ റേഷനരി പിടികൂടിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.

അരി സൂക്ഷിച്ചിരുന്ന കടയുടെ ഉടമയും സഹായിയും ലോറി ഡ്രൈവറുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസറും അന്വേഷണം തുടങ്ങി.

180 ചാക്കുകളിലാക്കി ലോറിയില്‍ റേഷനരി വലിയങ്ങാടിയില്‍ നിന്നും രാത്രി കൊണ്ടുപോകാന്‍ ശ്രമിച്ച ഡ്രൈവ‌ർ എ. അപ്പുക്കുട്ടന്‍, അരി സൂക്ഷിച്ചിരുന്ന സീന ട്രേഡേഴ്സിന്‍റെ ഉടമയും കുതിരവട്ടം സ്വദേശിയുമായ സി നിർമല്‍, സഹായി പുത്തൂർമഠം സ്വദേശി പിടി ഹുസൈന്‍ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 

അവശ്യ വസ്തു നിയമം മൂന്ന്, ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശങ്ങളിലെ റേഷന്‍ കടകളില്‍നിന്നും ശേഖരിച്ച് സീന ട്രേഡേഴ്സിലെത്തിച്ചതാണ് അരിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കടയില്‍ നിന്നും ചാക്ക് മാറ്റി നിറച്ച് വളാഞ്ചേരിയിലേക്കാണ് അരി കടത്താന്‍ ശ്രമിച്ചത്. സിവില്‍ സപ്ലൈസും സംഭവത്തില്‍ അന്വേഷണം തുടങ്ങി.


Previous Post Next Post