കലൂരിലെ വാഹനാപകടം: കാറിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനികൾ, യുവാക്കൾക്കെതിരെ പോക്‌സോ കേസും



കൊച്ചി: എറണാകുളം കലൂരിൽ മാലിന്യശേഖരണ തൊഴിലാളി മരിക്കാനിടയാക്കിയ അപകടത്തിൽ കാറിലുണ്ടായിരുന്ന യുവാക്കൾക്കെതിരെ പോക്‌സോ കേസ്.

 അപകടത്തിന് പിന്നാലെ സ്‌കൂൾ യൂണിഫോമിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടിരുന്നു. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മയക്ക് മരുന്ന് നൽകിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് റിപ്പോർട്ട്. എരൂര്‍ സ്വദേശി ജിത്തു (28), തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ (25) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകിട്ട് 6മണിക്ക് കലൂർ പാവക്കുളം ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ഓട്ടോറിക്ഷയും ഇലക്ട്രിക് സ്‌കൂട്ടറും ഉന്തുവണ്ടിയും ഇടിച്ചുതെറിപ്പിച്ച കാർ കലൂർ ദേശാഭിമാനി ജംക്ഷനിൽ നാട്ടുകാരും പൊലീസും ചേർന്നാണു പിടികൂടിയത്.

 മാലിന്യശേഖരണ തൊഴിലാളിയായ വിജയൻ (40) സംഭവ ദിവസം തന്നെ മരിച്ചു. സ്‌കൂട്ടർ യാത്രികൻ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണം. 

വൈദ്യപരിശോധനയിൽ യുവാക്കൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു. മയക്കുമരുന്ന കൈവശം വച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് പോക്‌സോ കേസ് ചുമത്തിയത്. 
Previous Post Next Post