കൊറോണ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതി; പരാതിയിൽ നിന്ന്‌ മന്ത്രി വീണാ ജോർജിനെയും കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി






തിരുവനന്തപുരം :  കൊറോണ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ നിന്ന്‌ മന്ത്രി വീണാ ജോർജിനെയും മുൻ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി.

 യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ വീണാ എസ്‌ നായർ നൽകിയ പരാതിയിൽ നിന്നാണ്‌ ഇവരെ ഒഴിവാക്കിയത്‌.
കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ കൊറോണ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി.

മന്ത്രിയും മുൻമന്ത്രിയും അടക്കം 13 പേർക്കെതിരെയായിരുന്നു പരാതി.
പരാതി പരി​ഗണിച്ച ലോകായുക്ത, മുൻമന്ത്രിയും നിലവിലെ മന്ത്രിയും എന്ത്‌ ക്രമക്കേടാണ്‌ കാട്ടിയതെന്ന്‌ ഹർജിക്കാരിയോട് ചോദിച്ചു.

രാഷ്‌ട്രീയലാഭത്തിനായി മന്ത്രിമാരെ ഇത്തരം സംഭവങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കരുതെന്ന്‌ ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു.

 പരാതിയിൽനിന്ന്‌ ഇരുവരെയും ഒഴിവാക്കാനും, ഇല്ലെങ്കിൽ പരാതി തള്ളുമെന്നും വ്യക്തമാക്കി. തുടർന്ന്‌ ഉപലോകായുക്ത ഹാറൂൺ റഷീദുമായി ചർച്ച ചെയ്‌ത്‌ ലോകായുക്ത സിറിയക്‌ ജോസഫ്‌ പരാതിയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ്‌ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എൻഎച്ച്‌എം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, തിരുവനന്തപുരം കളക്ടർ നവ്‌ജോത്‌ ഖോസ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്‌.


Previous Post Next Post