ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും കൊവിഡ് വരാന്‍ എത്ര സമയമെടുക്കും?; പഠന റിപ്പോർട്ട് പുറത്ത്.. വിശദമായി അറിയാം

കൊവിഡ് 19 മൂന്നാം തരംഗത്തിലൂടെയാണ് നാമിന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വളരെ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ ശേഷിയുള്ള ഒമിക്രോണ്‍ എന്ന വകഭേദമാണ് രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്.
നേരത്തെ രണ്ടാം തരംഗത്തിന് കാരണമായത് ഡെസല്‍റ്റ എന്ന വകഭേദമായിരുന്നു. അതിന് മുമ്പുണ്ടായിരുന്ന വൈറസുകളെ അപേക്ഷിച്ച് എളുപ്പത്തില്‍ രോഗവ്യാപനം നടത്താന്‍ കഴിവുണ്ട് എന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഇതില്‍ നിന്ന് മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ഒമിക്രോണിന് സാധ്യമാണ് 

എന്നാല്‍ ഡെല്‍റ്റയോളം തന്നെ രോഗതീവ്രത ഒമിക്രോണിന് ഇല്ലെന്നാണ് നിലവില്‍ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കൂടുതലായതിനാല്‍ അപകടങ്ങള്‍ ഈ തരംഗത്തില്‍ കുറവാവുകയും ചെയ്തു.

എങ്കിലും രോഗം കാര്യമായ രീതിയില്‍ വ്യാപകമാകുന്നത് മൂന്നാം തരംഗത്തില്‍ തന്നെയാണ്. കൊവിഡ് പിടിപെടാത്തവര്‍ തന്നെ കുറവ് എന്ന അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. ഇതിനിടെ ഒരിക്കല്‍ രോഗം പിടിപെട്ട് ഭേദമായവര്‍ക്ക് പിന്നീട് വീണ്ടും രോഗം വരാന്‍ എത്ര സമയമെടുക്കുമെന്ന സംശയം മിക്കവരിലുമുണ്ട്.
ഇതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസത്തെ സുരക്ഷയെങ്കിലും ഒരു തവണ രോഗം വന്നവരില്‍ ഉണ്ടായിരിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. കൊവിഡ് പിടിപെടുമ്പോള്‍ രോഗകാരിക്കെതിരായ ആന്റിബോഡി നമ്മുടെ ശരീരത്തിലുണ്ടാകുന്നുണ്ട്.

ഇതും വാക്‌സിനില്‍ നിന്നുള്ള ശക്തിയും ചേരുമ്പോള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും അടുത്ത ഇന്‍ഫെക്ഷന്‍ വരാതിരിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമില്ല.വ്യക്തിയുടെ പൊതുവിലുള്ള ആരോഗ്യാവസ്ഥ, പ്രായം, രോഗപ്രതിരോധ ശേഷി എന്നീ ഘടകങ്ങളെല്ലാം ഇതില്‍ സ്വാധീനം ചെലുത്താം.
അതുപോലെ തന്നെ കാര്യമായ രീതിയിലല്ല, കൊവിഡ് ബാധിക്കപ്പെട്ടതെങ്കില്‍ അവരില്‍ ആന്റിബോഡി കുറവായിരിക്കുമെന്നും അതിനാല്‍ തന്നെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ താരതമ്യേന വേഗത്തില്‍ അവരില്‍ വീമ്ടും കൊവിഡ് ഇന്‍ഫെക്ഷനുണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡ് വന്ന് ഭേദമായവരാണെങ്കിലും മാസ്‌ക് ധരിക്കുകയും, രോഗമുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും, കൈകള്‍ ശുചിയായി സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ വീണ്ടും രോഗം വരുന്നത് ഒഴിവാക്കാം.
ഇപ്പോള്‍ ഇത്രയധികം പേരില്‍ രോഗമെത്താന്‍ കാരണം രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കൊവിഡ് രോഗികളില്‍ നിന്നാണെന്നതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുകയെന്നത് തന്നെയാണ് ഈ ഘട്ടത്തില്‍ വീണ്ടും രോഗം വരാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്നത്.
Previous Post Next Post