ബന്ധുക്കളുടെയും, ആരാധകരുടെയും പ്രാര്‍ത്ഥന സഫലമാകുന്നു വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍




ഗാന്ധിനഗര്‍(കോട്ടയം): പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 24 മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. കണ്ണു തുറക്കുകയും ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും അദ്ദേഹം സംസാ രിക്കുകയും ചെയ്തു. ഇതോടെ വലിയ അപകടത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടതായി വേണം കരുതാന്‍. അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച ബന്ധുക്കളുടെയും, കുറിച്ചിയിലെ ജനങ്ങളുടെയും, ആരാധകരുടെയും പ്രാര്‍ത്ഥന സഫലമായി എന്ന വിശ്വാസത്തിലാണ് എല്ലാവരും. വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശങ്കാകുലരായി ലോകമെമ്പാടും നിന്നും നിരവധി പേരാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ടു വരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ തീരുമാനിച്ചത്. കുറിച്ചിയില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ ഐസിയുവില്‍ കഴിയുകയാണ്. അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം വാവ സുരേഷിനെ സംബന്ധിച്ച് നിര്‍ണായക ദിനമായിരുന്നു. ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പട്ടപ്പോള്‍ മറ്റൊരാവസരത്തില്‍ അബോധാവസ്ഥയിലേക്ക് എത്തുന്ന സ്ഥിതിയു മുണ്ടായി. ഇത് ഡോക്ടര്‍മാരെ പോലും ആശങ്കപ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്കെത്തിച്ചേര്‍ന്നത്. കണ്ണുതുറന്ന് സംസാരിച്ചതിനൊപ്പം ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയിട്ടുള്ളതായി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. കുറിച്ചിയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്നാണ് കാല്‍ മുട്ടിന് മുകളില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റ് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013ലും 2020ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം അദ്ദേഹം തിരിച്ചെത്തുകയും ചെയ്തിരുന്നു.
أحدث أقدم