പാലായിക്ക് സമീപം ആസിഡ് ലോറി മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 

കോട്ടയം: പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞത്. 

കുറ്റില്ലത്തിന് സമീപത്തെ വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പാലായിൽ നിന്നും നാലു കിലോമീറ്റർ അകലെ മീനച്ചിലിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളിയിലെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് തിങ്കളാഴ്ച പുലർച്ചെ മറിഞ്ഞത്. വാഹനത്തിലെ ആസിഡിന് ചോർച്ചയുണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവായി.

വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം തിരിച്ചിട്ടുണ്ട്.  പാലാ – പൊൻകുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവർ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ നാലു ദിവസം മുൻപാണ് ഗുജറാത്തിൽ നിന്നും ആസിഡുമായി യാത്ര തിരിച്ചത്. 23 ടണ്ണോളം സൾഫ്യൂരിക്ക് ആസിഡുമായാണ് വാഹനം യാത്ര തിരിച്ചത്. ലോറിയുടെ പിൻ ചക്രങ്ങൾ പൊട്ടിയിട്ടുണ്ട്. മറ്റ് അപകടങ്ങളൊന്നും വാഹനത്തിന് ഉണ്ടായിട്ടില്ല.

ടാങ്കറിനുള്ളിലുണ്ടായിരുന്ന സൾഫ്യൂരിക്ക് ആസിഡ് മറ്റൊരു വാഹനത്തിലേയ്ക്കു പകർത്തുന്നതിനായി കൊച്ചിയിൽ നിന്നും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആസിഡ് ചോരാതിരുന്നത് അപകട സാധ്യത ഒഴിവാക്കിയതായി സ്ഥലത്ത് എത്തിയ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ പറഞ്ഞു. വാഹനത്തിന് അപകടം ഉണ്ടായത് എങ്ങിനെ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Previous Post Next Post