സിൽവർലൈൻ: അനുമതിക്ക് ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ







ന്യൂഡൽഹി : സിൽവർലൈൻ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയിൽവേ വൃത്തങ്ങൾ വിശദീകരിച്ചു.

പദ്ധതിസംബന്ധിച്ച്‌ കേരളസർക്കാരുമായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ വ്യക്തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

അലെയ്ൻമെന്റ്, സാമ്പത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതിക്കായി റെയിൽവേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. 

എന്നാൽ, പദ്ധതിയിൽ ഓഹരിപങ്കാളിത്തം വഹിക്കുന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയിൽവേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്നതിൽ ഭരണതലത്തിലുള്ള തീരുമാനങ്ങൾക്ക് ഇനിയും കടമ്പകളുണ്ടെന്നും റെയിൽവേ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.

Previous Post Next Post