പ്ലസ് വൺ വിദ്യാർഥിയ്ക്ക് റാഗിങിന്‍റെ പേരിൽ ക്രൂരമർദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി








കോഴിക്കോട് :  താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു.

വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മർദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടവേള സമയങ്ങളില്‍ വരാന്തയില്‍നില്‍ക്കാനോ പുറത്തിറങ്ങാനോ സീനിയര്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാറില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ ഏഴോളം വിദ്യാര്‍ത്ഥികളെ പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.



Previous Post Next Post