മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാര്‍ എന്തിന് ? - ഗവര്‍ണര്‍ പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല





തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മി​റ്റി അംഗമായ ഹരി എസ്. കര്‍ത്തായെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫംഗമാക്കി ഉത്തരവിറക്കിയെങ്കിലും, സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് നിലപാടെടുത്ത സര്‍ക്കാരിനെ തിരിച്ചടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും, രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം അവര്‍ക്ക് ഖജനാവില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തിനു ശേഷം പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജി വച്ച്‌ ഇവരെല്ലാംപാര്‍ട്ടിയില്‍ തിരിച്ചെത്തുന്നു. ഇങ്ങനെ പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച്‌ അടുത്തിടെയാണ് താന്‍ അറിഞ്ഞത്. രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം പെന്‍ഷന്‍ നല്‍കുന്നത് നാണം കെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 ഗവര്‍ണറുടെ താത്പര്യം പരിഗണിച്ചാണ് ഹരി എസ് കര്‍ത്തയ്ക്ക് നിയമനം നല്‍കിയതെന്നറിയിച്ച്‌ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ വിമര്‍ശനം. 
Previous Post Next Post