ബസോടിക്കാന്‍ ഡ്യൂട്ടി സമയത്ത് പാന്‍മസാല, പുകയില 'ലഹരി' ഒൻപത് കെഎസ്ആർടിസി ഡ്രൈവർമാർ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങി


നിരോധിത പാൻ മസാല ഉൾപ്പെടെയുള്ള ലഹരിയുമായി ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ സമയമില്ലാത്ത കണ്ടക്ടർ. വാഹനമോടിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട നിയമങ്ങൾ മറന്ന മട്ടിലുള്ള ഡ്രൈവിങ്. പാലക്കാട് കുഴൽമന്ദത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനം.
ദേശീയ പാതയിൽ പാലക്കാടിനും ആലത്തൂരിനുമിടയിലായിരുന്നു രാത്രിയിലെ പരിശോധന. ഉറക്കം വരാതിരിക്കാനും കൃത്യമായ വേഗതയിൽ മുന്നേറാനും ലഹരി ഉപയോഗിക്കുന്നുവെന്നാണ് പരിശോധനയിൽ കുടുങ്ങിയ ഡ്രൈവർമാരുടെ മൊഴി. പലരും ബാഗിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ കടലയും കായ വറുത്തതുമാണ് കൈയ്യിലുള്ളതെന്ന് ആവർത്തിച്ചെങ്കിലും തെളിവ് നിരത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ കുടുങ്ങുകയായിരുന്നു. പലരും കൂടിയ അളവില്‍ ലഹരി ഉപയോഗിക്കുന്നവരെന്നും തെളിഞ്ഞു. ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ ഡബിൾ ബെല്ലടിച്ച് ജോലിയിൽ തുടരുന്ന കണ്ടക്ടറെയും കൈയ്യോടെ പിടികൂടി. നിയമലംഘനം തെളിഞ്ഞവർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യും.
ഒരു മണിക്കൂറിനുള്ളിൽ പരിശോധിച്ച പതിനാല് ബസുകളിൽ ഒൻപതിലും ജീവനക്കാരുടെ നിയമ ലംഘനം തെളിഞ്ഞു. പരിശോധന വിവരം ചോർന്നതോടെ പിന്നീടുള്ള ബസുകളുടെ വേഗത കുറഞ്ഞു. കൈയ്യിലുള്ള പൊതികൾ പലരും വലിച്ചെറിഞ്ഞു. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
Previous Post Next Post