സില്‍വര്‍ലൈന്‍; നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി







ന്യൂഡൽഹി : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അന്തിമ ലൊക്കേഷന്‍ സര്‍വേ, ലാന്റ് പ്ലാന്‍ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. പദ്ധതിയിലെ ഗുരുതരമായ പിഴവുകള്‍ ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. 

കേന്ദ്രമന്ത്രി വി മുരളീധരന്‍, മെട്രോമാന്‍ ഈ ശ്രീധരന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകള്‍ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയില്‍വേമന്ത്രി പറഞ്ഞതായി വി മുരളീധരന്‍ വ്യക്തമാക്കി. കെ റെയിലിന് നിലവിലെ ഡിപിആര്‍ അപര്യാപ്തമാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 10-12 വര്‍ഷം വരെ വേണ്ടിവരുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ചശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.


Previous Post Next Post