പാലായില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി






പാല ; പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

ഉണ്ണിപ്പിള്ളി ഗണേശന്‍ ഇടയുന്നത് കണ്ട് കാളകുത്തന്‍ കണ്ണന്‍ വിരണ്ടോടുകയായിരുന്നു. രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശന്‍ വിരണ്ടോടുകയായിരുന്നു. പാപ്പാന്മാരും നാട്ടുകാരും ഓടിയെത്തി ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വിരണ്ടു പോയ കാളകുത്തന്‍ കണ്ണന്‍ മറ്റൊരു വഴിയ്ക്ക് ഓടിയത്.


മദപ്പാടിനെ തുടര്‍ന്ന് കെട്ടിയിരുന്ന കാളകുത്തന്‍ കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അഴിച്ചിരുന്നത്. ഉണ്ണിപ്പള്ളി ഗണേശനെ അല്‍പ സമയത്തിനുള്ളില്‍ തന്നെ തളയ്ക്കാന്‍ സാധിച്ചു. പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ആനകളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിച്ച ശേഷമാണ് ഉണ്ണിപ്പള്ളി ഗണേശനെ തളച്ചത്. ഇതിന് പിന്നാലെ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ കാളകുത്തന്‍ കണ്ണനെ പാപ്പാന്മാര്‍ ചേര്‍ന്ന് തളയ്ക്കുകയുമായിരുന്നു.
Previous Post Next Post