മന്നം സ്മൃതിയില്‍ കേരളം,പ്രതിജ്ഞ പുതുക്കി സമുദായാംഗങ്ങള്‍






കോട്ടയം: സമുദായാചാര്യന്‍ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ദീപ്തസ്മരണകളാല്‍ കേരളം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ 52-ാമത് സ്മൃതിദിനം നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ആചരിച്ചു.

സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ അദൃശ്യസാന്നിധ്യം നിറഞ്ഞു നില്ക്കുന്ന സമാധിമണ്ഡപം സമുദായാംഗങ്ങളെക്കൊണ്ട് നിറഞ്ഞു. പെരുന്നയിലെ മന്നം സമാധിയില്‍ നടന്ന പുഷ്പാര്‍ച്ചനയിലും, പ്രാര്‍ത്ഥനാ ചടങ്ങുകളിലും സമുദായ പ്രവര്‍ത്തകര്‍ക്ക് പുറമെ സമുദായ സ്നേഹികളായ നിരവധി പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

എന്‍എസ്എസ് രൂപീകരണവേളയില്‍ മന്നവും സഹ പ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ സ്മൃതിദിനാചരണ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമുദായപ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കാടുത്തു. 

സമാധി മണ്ഡപത്തില്‍ രാവിലെ ആറിന് ആരംഭിച്ച ഉപവാസവും പ്രാര്‍ത്ഥനായജ്ഞവും 11.45ന് പ്രതിജ്ഞ പുതുക്കലോടുകൂടി സമാപിച്ചു.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായർ,  സംഘടനാ വിഭാഗം മേധാവി പി. എൻ സുരേഷ്, ട്രഷറർ എം. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

മന്നത്തിന്റെ ഛായാചിത്രത്തിന് മുമ്പിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനയും പ്രതിജ്ഞ പുതുക്കലും നടത്തിയാണ് കരയോഗങ്ങളിലും യൂണിയൻ കേന്ദ്രങ്ങളിലും സമാധി ദിനാചരണം നടന്നത്.


Previous Post Next Post