വധ ഗൂഢാലോചന; ഫോണിൽ നിർണായക വിവരങ്ങൾ; നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ലഭിച്ചു?; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും



 

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോൺ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു. ദിലീപിൽനിന്ന്‌ പിടിച്ചെടുത്ത ഫോണിൽ നിർണായകവിവരങ്ങളുണ്ടെന്ന്‌ പൊലീസ്‌ സൂചിപ്പിച്ചു. 

ആലുവ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ ശാസ്‌ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നു. ഗൂഢാലോചനയും നടി ആക്രമണക്കേസും ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയതായാണ് സൂചന. ദിലീപ്‌ സ്വന്തംനിലയ്‌ക്ക്‌ മുംബൈയിലെ സ്വകാര്യലാബിൽ പരിശോധനയ്‌ക്ക്‌ അയച്ച മൊബൈൽഫോണിലെ വിവരങ്ങളും പിടിച്ചെടുത്ത ഫോണിൽ ഉൾപ്പെട്ടിട്ടുണ്ട്‌.

അന്വേഷണ സംഘത്തിന്‌ നൽകാതെ മാറ്റിയ മൊബൈൽ ഫോണുകൾ പലതും ഫോർമാറ്റ്‌ ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്‌. മുംബെയിലേക്ക്‌ അയച്ച ഫോണുകളിൽ ഒന്ന്‌ കോടതിയിൽ നൽകിയിട്ടില്ല. 2017 വരെ ദിലീപ് ഉപയോഗിച്ച ഈ ഫോണിൽ നടി ആക്രമണക്കേസിന്റെ പല വിവരങ്ങളും ഉണ്ടാകുമെന്നാണ്‌ ക്രൈംബ്രാഞ്ച്‌ നിഗമനം.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ സഹോദരൻ അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നു ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരീ ഭർത്താവ്‌ സുരാജിനും ഇന്ന് ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. പരിശോധനാഫലവും അനൂപിന്റെയും സുരാജിന്റെയും മൊഴികളും വിലയിരുത്തിയ ശേഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

Previous Post Next Post